ദാഖിലിയ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് വർണാഭ തുടക്കം
text_fieldsമസ്കത്ത്: ദാഖിലിയ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നിസ്വ വിലായത്തിൽ തുടക്കം. വാർത്തവിതരണ മന്ത്രാലയം റേഡിയോ, ടെലിവിഷൻ അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സഈദ് അൽ ബലൂഷി ഉദ്ഘാടനം ചെയ്തു. ഇറാഖ്, ഈജിപ്ത്, ജോർഡൻ, സൗദി അറേബ്യ, യു.എ.ഇ, അൽജീരിയ, സുഡാൻ, മൊറോക്കോ, യുനൈറ്റഡ് കിങ്ഡം, ഇറാൻ, തുനീഷ്യ, സിറിയ, ബഹ്റൈൻ, ബെൽജിയം, ഫ്രാൻസ് തുടങ്ങി 16 രാജ്യങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. മികച്ച ഒമാനി ചിത്രം, മികച്ച ഒമാനി ഡോക്യുമെന്ററി ഫിലിം, മികച്ച അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം, ഡോക്യുമെന്ററി ജൂറി അവാർഡ്, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം അവാർഡ് തുടങ്ങി എട്ട് പുരസ്കാരങ്ങൾ ചലച്ചിത്രമേളയുടെ ഭാഗമായി നൽകും.
ഡോക്യുമെന്ററികൾ, ഫീച്ചറുകൾ, ആനിമേഷൻ എന്നിങ്ങനെ വിഭാഗത്തിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഓരോ വിഭാഗത്തിലും സ്വതന്ത്ര ജൂറിയും രൂപവത്കരിച്ചിട്ടുണ്ട്. ഡോ. സലീം അൽ മമാരി, സിറിയയിൽനിന്നുള്ള ഡോ. നൂറുദ്ദീൻ ഹാഷ്മി, ഒമാനിൽനിന്നുള്ള ഹൈതം സുലൈമാൻ, തുനീഷ്യയിൽ നിന്നുള്ള ഡോ. മൗനി ഹോജീജ്, അമ്മാർ അൽ ഇബ്രാഹിം, സുൽത്താനേറ്റിലെ അബ്ദുൽ അസീസ് അൽ ഹബ്സി എന്നിവരാണ് ഫീച്ചർ ഫിലിമുകളുടെയും ആനിമേഷൻ ചിത്രങ്ങളുടെയും ജൂറിയിൽ അംഗമായിട്ടുള്ളത്. ഡോക്യുമെന്ററി ചിത്രങ്ങളുടെ ജൂറിയിൽ ഡോ. റാഷിദ് അൽ യാഫെയ്, ഇറാനിൽനിന്നുള്ള ജലാൽ അൽ ദിൻ, വാലിദ് അൽ ഖറൂസി, തുനീഷ്യയിൽനിന്നുള്ള ഹുസൈൻ അൽ താബെത്തി, ഹുസൈൻ അൽ ബലൂഷി എന്നിവരാണ് വരുന്നത്.
സിനിമ വ്യവസായം അതിന്റെ എല്ലാ രൂപങ്ങളിലും ലോക സമ്പദ്വ്യവസ്ഥയുടെ പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണെന്ന് ഉദ്ഘാടന ചടങ്ങിൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ മുഹമ്മദ് അൽ കിന്ദി പറഞ്ഞു. നിരവധി പ്രമുഖ എഴുത്തുകാരെയും സാങ്കേതിക വിദഗ്ധരെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. രണ്ട് വർഷമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായാണ് ദാഖിലിയയിലെയും പരിപാടി. നിസ്വ കൾചറൽ സെന്റർ, നിസ്വ യൂനിവേഴ്സിറ്റി, നിസ്വ പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലൂടെയാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.