അൽ മൗജിലേക്ക് വരൂ, കാണാം തിമിംഗല സ്രാവുകൾ
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായി അറിയപ്പെടുന്ന തിമിംഗല സ്രാവുകൾ ഒമാൻ കടലിലേക്ക് എത്തിത്തുടങ്ങി. തിമിംഗലത്തിന്റെ രൂപവും സ്രാവിന്റെ കുടുംബത്തിൽ പെട്ടതുമായതിനാലാണ് ഇത് തിമിംഗല സ്രാവ് എന്ന് അറിയപ്പെടുന്നത്. സെപ്റ്റംബർ മുതൽ നവംബർവരെയാണ് ഇവ ഒമാൻ കടലിലുണ്ടാവുക. അൽ മൗജ് മറീനയിലുള്ള തെളിഞ്ഞ നീലക്കടലാണ് ഇവ ഏറ്റവും ഇഷ്ടപ്പെടുന്നത്.
അൽ മൗജിലെ ശാന്തവും തെളിഞ്ഞതുമായ നീലക്കടൽ നിരവധി മത്സ്യങ്ങളെയും കടൽ ജീവികളെയും ആകർഷിക്കുന്നുണ്ട്. പ്രകൃതിസ്നേഹികൾക്ക് ഏറെ മനോഹരമായ കാഴ്ചയാണ് അൽ മൗജ് കടൽ ഒരുക്കുന്നത്. പ്രാദേശിക- അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഈ കടൽ മേഖലയിലെത്തന്നെ അനുപമമായ കടലാണ്.
സീസൺ ആരംഭിച്ചതോടെ നിരവധി കടൽതൽപരരും സാഹസിക യാത്രക്കാരും പരിസ്ഥിതി ടൂറിസ്റ്റുകളും ഒമാനിലേക്ക് എത്താൻ തുടങ്ങിയതായി അൽ മൗജ് മസ്കത്ത് അധികൃതർ പറഞ്ഞു.
ഇത് കടൽ ഭീമന്മാരുമായി അടുത്തുനിൽക്കാൻ സുവർണ അവസരമാണ് ഒരുക്കുന്നത്. ഇത് അവിസ്മരണീയമായ അനുഭവമായിരിക്കുമെന്നും അവർ പറയുന്നു. ഇത് മറക്കാത്ത ഓർമയാക്കാൻ വേണ്ട ഒരുക്കങ്ങളെല്ലാം നടത്തുന്നുണ്ട്.
പ്രധാന ടൂർ ഓപറേറ്റർമാരുമായി പങ്കാളിത്തവും ഇതിനായി തേടിയിട്ടുണ്ട്. ഇവയുടെ സംരക്ഷണം സംബന്ധമായ എല്ലാ മാർഗനിർദേശങ്ങളും പൂർണമായി പാലിച്ചാണ് ഇവയെ സന്ദർശിക്കാൻ അവസരം ഒരുക്കുക. അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ എല്ലാ നിലക്കും സംരക്ഷിക്കുകയും ചെയ്യും.
തിമിംഗല സ്രാവുകളെ അടുത്ത് കാണാനായി കടൽ ടൂറുകളും അൽ മൗജ് ഒരുക്കുന്നുണ്ട്. തിമിംഗല സ്രാവുകളുടെ ഇഷ്ട കേന്ദ്രമായ ദൈമനിയാത്ത് ദ്വീപിലേക്കും സന്ദർശരെ എത്തിക്കുന്നുണ്ട്. അൽ മൗജ് മറീന സാഹസിക ടൂറിസത്തിനും തിമിംഗല സ്രാവ് നിരീക്ഷണത്തിനും ഏറ്റവും പറ്റിയ സ്ഥലമാണ്.
തിമിംഗല സ്രാവുകൾ അപകടകാരിയല്ലാത്തിനാൽ കടൽ ടൂറിസം മേഖലയിൽ ഏറെ പ്രാധാന്യമുണ്ട്. ഇവ കടലിലെ കുലീനനായ രാക്ഷസനായാണ് അറിയപ്പെടുന്നത്.
ചില രാജ്യങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ഇവയോടൊപ്പം നീന്താനും അവസരം ഒരുക്കുന്നുണ്ട്. ആറ് മുതൽ 10 വരെ മീറ്ററാണ് സാധാരണ ഗതിയിൽ ഇവയുടെ നീളം. ഇവയിൽ ചിലവക്ക് 18.8 മീറ്റർ വരെ നീളം കണ്ടുവരാറുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇവയോടൊപ്പം നീന്താനുള്ള അവസരവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.