ദോഫാറിലേക്ക് അടിച്ച് കേറി വാ...
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ പരിപാടികളുമായി പൈതൃക-ടൂറിസം മന്ത്രാലയം.
വരും മാസങ്ങളിലായി ഗവർണറേറ്റിൽ വിപുല പങ്കാളിത്തത്തോടെ ആതിഥേയത്വം വഹിക്കാൻ മന്ത്രാലയം തയാറെടുക്കുന്ന സുപ്രധാന പരിപാടികളിലൊന്നാണ് ‘മർഹബ ദോഫാർ’ എന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം ബിൻ മുഹമ്മദ് അൽ ഗസ്സാനി പറഞ്ഞു. സുൽത്താനേറ്റിലേയും സൗദി അറേബ്യയിൽനിന്നുള്ള പങ്കാളികളുമായും സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ടൂറിസം സഹകരണം വർധിപ്പിക്കാനും ‘സർബ്’ സീസണും വിന്റർ ടൂറിസവും ഉൾപ്പെടെയുള്ള ടൂറിസം ഘടകങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ‘മർഹബ ദോഫാർ’ പരിപാടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ 50 സൗദി ടൂറിസം കമ്പനികളെയും സൗദി അറേബ്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള 15 മാധ്യമ വിദഗ്ധരെയും ആകർഷിക്കുമെന്നാണ് കരുതുന്നത്. ചർച്ചകളും ഉഭയകക്ഷി ചർച്ചകളും ഉൾപ്പെടുന്ന പരിപാടിയും തയാറാക്കിയിട്ടുണ്ട്.
ഒമാനി, സൗദി ടൂറിസം കമ്പനികൾ തമ്മിലുള്ള ബിസിനസ് മീറ്റിങ്ങുകൾ, ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഫീൽഡ് ട്രിപ്പുകൾ, ദോഫാർ ഗവർണറേറ്റിലെ ടൂറിസ്റ്റ് സൈറ്റുകളുടെയും ലാൻഡ്മാർക്കുകളും സന്ദർശനം എന്നിവയും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.