കമ്പനികൾ നടത്തുന്ന പരിപാടികൾക്കും മുൻകൂർ അനുമതി നിർബന്ധം
text_fieldsമസ്കത്ത്: കമ്പനികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കീഴിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾ, സെമിനാറുകൾ, പരിശീലന പരിപാടികൾ, പ്രഭാഷണങ്ങൾ തുടങ്ങി എല്ലാ വിധ പരിപാടികൾക്കും മുൻകൂർ അനുമതി നിർബന്ധമാണെന്ന് വ്യവസായ വാണിജ്യമന്ത്രാലയം അറിയിച്ചു. ചില കമ്പനികളും സ്ഥാപനങ്ങളും നിയമപ്രകാരമുള്ള അനുമതി ലഭിക്കാതെ പരിപാടികൾ നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് നിയമ വിരുദ്ധമാണ്. പരിപാടികൾ നടക്കുന്നതിന് മൂന്നുമാസത്തിൽ കുറയാത്ത സമയത്തിന് മുമ്പ് അനുമതിക്കായുള്ള അപേക്ഷകൾ വ്യവസായ വാണിജ്യ മന്ത്രാലയത്തിൽ സമർപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
അപേക്ഷയിൽ എന്തൊക്കെ വിഷയങ്ങളാണ് പരിപാടിയിൽ ചർച്ചചെയ്യുന്നത് എന്ന് വ്യക്തമാക്കണം.
ഒമാനിൽ നിന്നും വിദേശത്തുനിന്നുമുള്ള പ്രഭാഷകരുടെ വിവരങ്ങൾ, പരിപാടി നടക്കുന്ന സ്ഥലം, സമയം എന്നീ വിവരങ്ങളും വ്യക്തമാക്കണം. സമയക്രമം പാലിക്കാത്തതും നിർദിഷ്ട വിവരങ്ങൾ ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനുമതിയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഹോട്ടൽ ഉടമകളും ഹാൾ ഉടമകളും പരിപാടിക്ക് സ്ഥലം വിട്ടുനൽകാൻ പാടുള്ളൂ.
അനുമതിയില്ലാത്ത പരിപാടികൾ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ നിർത്തിവെപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
സംഘാടകർ അടക്കമുള്ളവർ നിയമനടപടികൾക്കും വിധേയരാകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.