സ്വകാര്യമേഖലയിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2023 മുതൽ
text_fieldsമസ്കത്ത്: സ്വകാര്യമേഖലയിൽ അടുത്ത വർഷം മുതൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി 'ദമാനി' നടപ്പാക്കുമെന്ന് ഒമാനി മെഡിക്കൽ അസോസിയേഷൻ (ഒ.എം.എ) പ്രസിഡന്റ് ഡോ. വലീദ് അൽ സദ്‌ജലി പറഞ്ഞു. ഒമാൻ ഹെൽത്ത് എക്‌സിബിഷനും കോൺഫറൻസും (ഒ.എച്ച്.ഇ.സി) സംബന്ധിച്ച വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗത്തിലുള്ള സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തി ഘട്ടംഘട്ടമായി പദ്ധതി ആവിഷ്കരിക്കും. പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒമാനിലേക്കുള്ള വിനോദസഞ്ചാരികളെയും സന്ദർശകരെയും പരിപാടിയുടെ പരിധിയിൽ കൊണ്ടുവരും.
രാജ്യത്തെ ഇൻഷുറൻസ് വ്യവസായത്തിലെ അതിവേഗം വളരുന്ന വിഭാഗങ്ങളിലൊന്നാണ് ആരോഗ്യ ഇൻഷുറൻസ്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സിന് മന്ത്രിസഭ കൗണ്‍സിൽ നേരത്തേതന്നെ അംഗീകാരം നല്‍കിയിരുന്നു. തൊഴില്‍ നിയമപ്രകാരമുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആളുകൾക്കും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായായിരുന്നു തീരുമാനം. പദ്ധതി കഴിഞ്ഞ വർഷംമുതൽ നടപ്പാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ചില കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ നൂറിലധികം തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളിലും രണ്ടാം ഘട്ടത്തില്‍ അമ്പതു മുതല്‍ നൂറു വരെ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കാനായിരുന്നു നേരത്തേ അധികൃതര്‍ തീരുമാനിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.