െഎ.സി.യു നിറയുന്നതിൽ ആശങ്ക: ഒമാനിൽ രോഗമുക്തി നിരക്ക് വർധിക്കുന്നത് ആശ്വാസം
text_fieldsമസ്കത്ത്: കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നതിന് ആനുപാതികമായി രാജ്യത്തെ ആശുപത്രികളിലെ െഎ.സി.യുവിൽ രോഗികൾ നിറയുന്നതിൽ ആശങ്ക. നിലവിൽ 283പേരാണ് ഗുരുതര രോഗലക്ഷണങ്ങളോടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ഇത് റെക്കോഡ് െഎ.സി.യു രോഗികളുടെ എണ്ണമാണ്. ഒാരോദിവസവും നൂറിലേറെ പേർ ആശുപത്രികളിൽ രോഗബാധിതരായി അഡ്മിറ്റാകുന്നുണ്ട്. ഇവരിൽ പത്തു ശതമാനത്തോളം പേർ െഎ.സി.യു ചികിത്സ ആവശ്യമായി വരുന്നവരാണ്. എന്നാൽ ആശുപത്രികളിൽ ആവശ്യത്തിന് സൗകര്യമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദോഫാറിൽ ആവശ്യമെങ്കിൽ ഫീൽഡ് ആശുപത്രി തുറക്കുന്നതിനെ സംബന്ധിച്ചും ആലോചനയുണ്ടെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ രോഗവിമുക്തി നിരക്ക് വർധിച്ചത് ആശ്വാസം പകരുന്നുണ്ട്. 89 ശതമാനത്തിലേക്ക് കുറഞ്ഞ രോഗവിമുക്തി പതിയെ 90ശതമാനത്തിലേക്ക് എത്തുന്നുണ്ട്. ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ രോഗപ്രതിരോധത്തിന് സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, മഹാമാരിയിൽ മരണപ്പെടുന്നവരിൽ 63ശതമാനം പേരും അറുപത് വയസ്സ് പിന്നിട്ടവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആകെ രോഗികളിൽ 6.28ശതമാനം പേർ മാത്രമാണ് അറുപത് പിന്നിട്ടവരുള്ളത്. ഇതിൽനിന്നാണ് ഇത്രയും വലിയ മരണനിരക്ക് കാണിക്കുന്നതെന്നത് ആശങ്കക്ക് കാരണമാകുന്നു. ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ ബാക്കിയുള്ളവർ 15നും 59നും ഇടയിൽ പ്രായമുള്ളവരാണ്. നാലായിരത്തിലേറെ കുട്ടികൾക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിലും മിക്കവരും ഗുരുതരമാകാതെ തന്നെ അസുഖം ഭേദമായവരാണ്.
കോവിഡ്: 1128പുതിയ രോഗികൾ, 9 മരണം
മസ്കത്ത്: കോവിഡ് ബാധിച്ച് ഒമ്പതുപേർ കൂടി ഒമാനിൽ മരിച്ചു. 24മണിക്കൂറിനിടെ 1128പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 191,398ഉം മരണം 1992ഉം ആയതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം 93പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആകെ ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം 813ആയിട്ടുണ്ട്. ഇവരിൽ 283പേർ െഎ.സി.യുവിലാണ്. രോഗവിമുക്തരുടെ എണ്ണം 170,929 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.