പുതുചരിതം; സുൽത്താന്റെ ഇന്ത്യ സന്ദർശനത്തിന് സമാപനം
text_fieldsമസ്കത്ത്: ഉഭയകക്ഷി ബന്ധങ്ങളിൽ പുതുചരിതം തീർത്ത് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് സമാപനമായി. മസ്കത്തിൽ എത്തിയ സുൽത്താനെ റോയൽ പ്രൈവറ്റ് എയർപോർട്ടിൽ കാബിനറ്റ്കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹമൂദ് അൽ സഈദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
മസ്കത്തിനും ന്യൂഡൽഹിക്കുമിടയിൽ സഹകരണങ്ങൾ ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയുമാണ് സുൽത്താൻ ഇന്ത്യയിൽനിന്ന് മടങ്ങിയത്. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ മേഖലകളിൽ തന്ത്രപരമായ സഹകരണം ലക്ഷ്യമിട്ട് ഒരു സുപ്രധാന കരാറിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചു. സംസ്കാരം, ആശയവിനിമയം, വിവരസാങ്കേതികവിദ്യ, സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റം എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് കരാറിലും ധാരണയിലും എത്തിയിരിക്കുന്നത്.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും കൈവരിച്ച പുരോഗതിയിലും ഇതിനുസഹായകമായ ഉന്നതതല സന്ദർശനങ്ങളുടെ തുടർച്ചയിലും സുൽത്താനും ഇന്ത്യൻ പ്രധാനമന്ത്രിയും സംതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രീയ-സുരക്ഷസഹകരണം, പ്രതിരോധം, വ്യാപാരം, ഊർജ സുരക്ഷ, പുനരുപയോഗം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവൻ ശ്രേണിയെക്കുറിച്ചും സുൽത്താനും ഇന്ത്യൻ പ്രധാനമന്ത്രിയും ചർച്ച നടത്തി. ‘ഭാവിക്കുവേണ്ടി ഒരു പങ്കാളിത്തം’എന്നപേരിൽ ഒരു സംയുക്ത ദർശന രേഖയും സന്ദർശനത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ചു.
സമുദ്രസഹകരണവും കണക്ടിവിറ്റിയും, ഊർജ സുരക്ഷയും, ഹരിത ഊർജവും, ബഹിരാകാശം, സാങ്കേതികവിദ്യകൾ, ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ പേമന്റുകളും സാമ്പത്തിക സഹകരണവും, വ്യാപാരവും നിക്ഷേപവും, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഐ.ടി - ഇന്നൊവേഷൻ, കൃഷിയും ഭക്ഷ്യസുരക്ഷയും തുടങ്ങിയവായിരിക്കും സംയുക്തദർശനരേഖയുടെ പ്രവർത്തന മേഖലയിൽ വരുക. ഒമാൻ വിഷൻ 2040നും ഇന്ത്യയുടെ അമൃത്കാൽ വികസന ലക്ഷ്യങ്ങൾക്കുമിടയിലെ കൂട്ടായ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതുമാണ് സംയുക്തദർശനരേഖ.
ഉഭയകക്ഷി വ്യാപാരത്തിലെ ശ്രദ്ധേയമായ വളർച്ചയിലും ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. ബഹിരാകാശ മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിനും തീരുമാനിച്ചു. ആരോഗ്യ സഹകരണത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും മേഖലയിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുനേതാക്കളും പ്രകടിപ്പിക്കുകയും ചെയ്തു.
പരമ്പരാഗത ഇന്ത്യൻ ചികിത്സ സമ്പ്രദായത്തിന് മേഖലയിൽ വർധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത്, മിഡിൽ ഈസ്റ്റിലെ ആയുർവേദത്തിന്റെ കേന്ദ്രമായി ഒമാൻ മാറുന്നതിനുള്ള സാധ്യതയും നേതാക്കൾ ചർച്ച ചെയ്തു. എല്ലാരൂപത്തിലുമുള്ള ഭീകരതയെ ഇരുനേതാക്കളും ശക്തമായി അപലപിക്കുകയും ചെയ്തു.
ഇന്ത്യയിൽ പ്രഥമസന്ദർശനത്തിനായെത്തിയ സുൽൽത്താന് ഉജ്ജ്വല വരവേൽപാണ് അധികൃതർ നൽകിയത്. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയുംചെയ്തു. 26 വർഷങ്ങൾക്ക് ശേഷമാണ് ഒമാനിൽനിന്നുള്ള രാഷ്ട്രത്തലവൻ ഇന്ത്യയിൽ എത്തുന്നത്. ഇതിന് മുമ്പ് 1997ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയാണ് അന്നത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഇന്ത്യ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.