സുൽത്താന് ആശംസകൾ നേർന്നു
text_fieldsമസ്കത്ത്: രാജ്യത്തിന്റെ 53ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ലോകനേതാക്കൾ, രാജാക്കൻമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സുൽത്താൻ ഹൈതം ബിൻ താരിഖിന് ആശംസകൾ നേർന്നു. സുൽത്താന്റെ വിവേകപൂർണമായ ഭരണത്തിന് കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കും സുൽത്താനും ഒമാനിലെ ജനങ്ങൾക്കും കൂടുതൽ നന്മകൾ കൈവരിക്കട്ടെയെന്നും ആശംസ സന്ദേശത്തിൽ നേതാക്കൾ പറഞ്ഞു.
ദേശീയദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്ട്രമായ ഒമാന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആശംസ നേർന്നു. ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവരും ആശംസകൾ നേർന്നു.
ഒമാനിലെ മന്ത്രിമാർ, സുൽത്താന്റെ സായുധസേന കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷ ഏജൻസികൾ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ശൂറാ കൗൺസിൽ അംഗങ്ങൾ, ഒമാനി അംബാസഡർമാർ, ശൈഖുമാർ തുടങ്ങിയവരിൽനിന്നുള്ള ആശംസ സന്ദേശങ്ങളും സുൽത്താന് ലഭിച്ചു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ എന്നിവർ സുൽത്താൻ ഹൈതം ബിൻ താരിഖിന് ആശംസകൾ നേർന്നു.
കുവൈത്തും ഒമാനും തമ്മിലുള്ള ദൃഢവും ചരിത്രപരവുമായ ബന്ധത്തെയും സുൽത്താന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ ഒമാൻ കൈവരിച്ച മികച്ച നേട്ടങ്ങളെയും സന്ദേശത്തിൽ കുവൈത്ത് അമീർ ചൂണ്ടിക്കാട്ടി. ഒമാൻ സുൽത്താന് നല്ല ആരോഗ്യവും അദ്ദേഹത്തിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിനു കീഴിൽ ഒമാന് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു.
ഒമാൻ സുൽത്താനും ജനങ്ങൾക്കും ആശംസകൾ നേർന്ന കിരീടാവകാശിയും പ്രധാനമന്ത്രിയും രാജ്യത്ത് കൂടുതൽ സമൃദ്ധിയും നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.