നാട്ടിലേക്ക് പണമയക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsകഴിഞ്ഞവർഷം വിദേശ ഇന്ത്യക്കാർ ഇന്ത്യയിലേക്ക് അയച്ചത് ഏകദേശം 125 ബില്യൺ ഡോളറിൽ അധികമാണ്. അതായത് ഒരു ലക്ഷം കോടി രൂപയിൽ അധികം. കേന്ദ്ര സർക്കാറിന്റെ കണക്കനുസരിച്ച് 35 ദശലക്ഷത്തിലധികം ഇന്ത്യക്കാർ രാജ്യത്തിന് പുറത്ത് താമസിക്കുന്നുണ്ട്. ഇവരെല്ലാം തന്നെ പല മാർഗങ്ങളിലൂടെ നാട്ടിലേക്ക് പണമയക്കുന്നുണ്ട്. ഇതിൽ പുതുമയൊന്നും അവകാശപ്പെടാനില്ല. എന്നാൽ, കാല കാലങ്ങളിൽ നിയമങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. ഈ, മാറ്റങ്ങൾ ജീവിത സാഹചര്യങ്ങൾ കൊണ്ടും അല്ലെങ്കിൽ വേണ്ടത്ര അറിവില്ലാത്തതുകൊണ്ടും ബുദ്ധിമുട്ടുകളുണ്ടാക്കുന്നത് ബ്ലൂ കോളർ വർക്കേഴ്സ് എന്നറിയപ്പെടുന്ന സാധാരണ തൊഴിലാളികൾക്കാണ്.
നാട്ടിലേക്കു പണമയക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
കൃത്യമായ വിവരങ്ങൾ നൽകുക
പണം അയക്കുന്ന ആളിന്റെയും കിട്ടേണ്ട ആളിന്റെയും കൃത്യമായ വിവരങ്ങൾ എക്സ്ചേഞ്ച് കമ്പനിയിൽ നൽകുക. പണം കിട്ടേണ്ട ആളുടെ അക്കൗണ്ട് നമ്പറും ബാങ്കിന്റെ പേരും കൃത്യമായി നോക്കണം. IFSC നമ്പർ (11 ആക്കം ) ശരിയാണെന്നു ഉറപ്പുവരുത്തുക. ഈ നമ്പർ നാട്ടിലെ ബാങ്കിന്റെ പാസ്ബുക്കിൽ ഉണ്ടാകും. പുതിയ നിയമമനുസരിച്ച് ഇന്ത്യയിൽ ബാങ്കുകൾ അക്കൗണ്ട് നമ്പർ മാത്രമേ നോക്കുകയുള്ളു. പണ്ട് അക്കൗണ്ട് നമ്പറും പേരും ഒത്തു വന്നാൽ മാത്രമേ തുക അക്കൗണ്ടിൽ വരവ് വെക്കുമായിരുന്നുള്ളൂ. ഇപ്പോൾ അങ്ങനെ അല്ല. അതുകൊണ്ട് അക്കൗണ്ട് നമ്പർ തെറ്റിപ്പോയാൽ പണം പോകും. പിന്നീട് തിരികെ കിട്ടാൻ വലിയ പ്രയാസമാണ്. അതുപോലെതന്നെ മറ്റൊരു ബാങ്കിലേക്ക് മാറി പണമയച്ചാലും തിരികെ കിട്ടാൻ പ്രയാസമാണ്. എന്നാൽ, നിലവിൽ സ്ഥിരമായി ഒരേ അക്കൗണ്ടിലേക്ക് പണമയക്കുന്നവർക്കിത് ബാധകമല്ല. കാരണം അവരുടെ കൃത്യമായ വിവരങ്ങൾ എക്സ്ചേഞ്ച് ഹൗസിൽ ഉണ്ടാകും. പുതിയതായി ഒരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കുമ്പോഴൊ അല്ലെങ്കിൽ എന്തെങ്കിലും കാരണവശാൽ പുതിയതായി മറ്റൊരു എക്സ്ചേഞ്ചിൽ നിന്നും പണം അയക്കുമ്പോഴൊ ആണ് ഈ പ്രശനം വരുന്നത് . ബാങ്ക് /മൊബൈൽ ആപ് വഴി പണമയക്കുമ്പോഴും ഇതു ബാധകമാണ്.
വരുമാനം, ഫോൺ നമ്പർ ഇവ കൃത്യമായി രേഖപ്പെടുത്തണം
പണം അയക്കുന്ന വ്യക്തിയുടെ ശമ്പളം അല്ലെങ്കിൽ വരുമാനം കൃത്യമായി എക്സ്ചേഞ്ചിൽ നൽകണം. കാരണം അയക്കുന്ന വ്യക്തിയുടെ വരുമാനവും അയക്കുന്ന തുകയുമായി പൊരുത്തക്കേട് ഉണ്ടാകാൻ പാടില്ല. അത് നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ടാകണം. അതായത് 250 റിയാൽ ശമ്പളമുള്ള ഒരാൾക്ക് 10,000 റിയാൽ അയക്കുമ്പോൾ അതിന്റെ സ്രോതസ്സ് വെളിപ്പെടുത്തണം. അത് ബാങ്കിൽനിന്നുള്ള ലോൺ, മറ്റു വായ്പ, കമ്പനിയിൽ നിന്നുള്ള ബോണസ് പോലുള്ളവ, അല്ലെങ്കിൽ കൂട്ടുകാരിൽനിന്നുള്ള സമ്മാനo എന്നിവയാകാം. അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്ക് അല്ലെങ്കിൽ മറ്റു നിയമപരമല്ലാത്ത കാര്യങ്ങൾക്കു വേണ്ടിയുള്ള പണമല്ലെന്നു ഉറപ്പു വരുത്തേണ്ട ബാധ്യത എക്സ്ചേഞ്ച് കമ്പനികൾക്കുണ്ട്. അതാതു രാജ്യങ്ങളിലെ ഗവണ്മെന്റ് സംവിധാനങ്ങൾ ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നതും പ്രധാനമാണ്. കഴിയുന്നതും സ്വന്തം പേരിലുള്ള ഫോൺ നമ്പർ എക്സ്ചേഞ്ച് കമ്പനിയിൽ രജിസ്റ്റർ ചെയ്യുക. പലരും ഔദ്യോഗിക നമ്പർ കൊടുക്കാറുണ്ട്. ജോലി മാറുമ്പോൾ പലപ്പോഴും ഇത് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എസ്.എം.എസ് വഴി നിങ്ങളുടെ പണമിടപാടുകൾ അറിയിക്കുന്നതുകൊണ്ട് ഇതുവഴി സ്വകാര്യത ഉറപ്പു വരുത്താം. അതുപോലെ തന്നെ റെസിഡന്റ് കാർഡ് മാറുമ്പോഴോ പുതുക്കുമ്പോഴോ പണമയക്കുന്ന സ്ഥാപനത്തെ അറിയിക്കുക.
പണം എങ്ങനെ അയക്കണം
കഴിയുന്നതും പ്രവാസിയുടെ എൻ.ആർ.ഇ അക്കൗണ്ടിലേക്ക് പണമയക്കുക. പലരും അവരുടെ ഭാര്യയുടെ അല്ലെങ്കിൽ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് അയക്കുന്ന പ്രവണത കണ്ടിട്ടുണ്ട്. പുതിയ ഒരു എൻ.ആർ.ഇ അക്കൗണ്ട് തുടങ്ങാനുള്ള മടിയാണിതിനു കാരണം. പ്രവാസിക്ക് ഒരു വീട് വാങ്ങാനോ അല്ലെങ്കിൽ കാറോ മറ്റു വ്യക്തിഗത വായ്പകൾ വാങ്ങാനോ ബുദ്ധിമുട്ടുകളുണ്ടാകും. ബാങ്കുകൾ പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടുള്ള പണം ഒരു അടിസ്ഥാന ഘടകമായി എടുക്കാറുണ്ട്. എൻ.ആർ.ഇ അക്കൗണ്ടിന് വരുമാന നികുതി ബാധകമല്ലാത്തതിനാൽ ഈ അക്കൗണ്ടിലേക്ക് പണമയക്കുന്നതാണ് അഭികാമ്യം.
നാട്ടിലേക്ക് പണമയക്കുന്നതിൽ മുന്തിയ ഭാഗവും ബാങ്ക് ട്രാസ്ഫെർ മുഖേനയാണ്. ആർ.ബി.ഐയുടെ NEFT സംവിധാനം 24x7 വർക്ക് ചെയ്യുന്നതുകൊണ്ട് അവധി ദിവസങ്ങൾപോലും പണമയക്കാനും അത് നാട്ടിലെ ബാങ്കുകളിൽനിന്നും അല്ലെങ്കിൽ എ.ടി.എം വഴി എടുക്കാവുന്നതാണ്. പണമയക്കുന്നതിന് വെസ്റ്റേൺ യൂനിയൻ, മണിഗ്രാം പോലുള്ള IMTsന്റെ സേവനങ്ങളും മണി എക്സ്ചേഞ്ച്കൾ വഴി ഉപയോഗിക്കാവുന്നതാണ് .
പരിചയമില്ലാത്തവർക്കു പണം അയക്കാമോ?
തീർച്ചയായും പാടില്ല എന്നാണ് ഉത്തരം. മറ്റൊരാൾക്കുവേണ്ടി പരിചയമില്ലാത്തവരുടെ അക്കൗണ്ടിലേക്ക് എത്ര ചെറിയ തുക ആയാലും അയക്കരുത്. നാട്ടിലെ ഈ അക്കൗണ്ടിന്റെ ഉടമ നിയമ വിരുദ്ധ പ്രവർത്തനത്തിന് തുക ഉപയോഗിച്ചാൽ നിങ്ങളും കുടുങ്ങും. പല ആൾക്കാരിൽനിന്നായി ഇത്തരം അക്കൗണ്ടിലേക്കു ചെറിയ തുകകൾ അയച്ചു വലിയ തുകയാക്കി രാജ്യ ദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട് . ഒരു കാരണവശാലും ഇത്തരം കാര്യങ്ങളിൽ ഇടപെടാതിരിക്കുക.
(തുടരും )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.