ദോഫാർ, ജബൽ അഖ്ദർ പാതകളുടെ നിർമാണം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ഗതാഗത മേഖലക്ക് കരുത്തുപകർന്ന് രാജ്യത്ത് വിവിധ റോഡ് പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദോഫാർ, ജബൽ അഖ്ദർ എന്നിവിടങ്ങളിലേക്കുള്ള പാതകളുടെ നിർമാണങ്ങൾ അവസാന ഘട്ടത്തിലാണ്. ദോഫാറിലെ അർജോത്-സർഫൈത് റോഡ് 93 ശതമാനം പൂർത്തിയായി. വർഷാവസാനത്തോടെ പൂർണമായി പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്.
സലാലയെ പടിഞ്ഞാറൻ വിലായത്തുകളായ റഖ് യൂത്, ദാൽകൂത്ത് എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ പാത യമനുമായുള്ള സർഫായിത് അതിർത്തി ക്രോസിങ് വരെ നീട്ടുമെന്ന് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഖമീസ് ബിൻ മുഹമ്മദ് അൽ ഷമ്മാഖി അറിയിച്ചു. റോഡ് ദുർഘടമായ പർവത പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ റൂട്ട് മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
11.3 ദശലക്ഷം റിയാൽ ചെലവ് വരുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്. മേഖലയിലെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. ജബൽ അഖ്ദറിന്റെ മനോഹരമായ മേഖലയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം പ്രവർത്തിക്കുന്നു. സെയ്ഹ് ഖത്നക്കും റിയാദ് അൽ ജബൽ ഫാമിനും ഇടയിലുള്ള ഒമ്പത് കിലോമീറ്റർ റോഡ് നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പ്രദേശത്തെ പ്രകൃതിദൃശ്യങ്ങൾ കാണാൻ ഇവിടെ എത്തുന്ന താമസക്കാർക്കും വിനോദസഞ്ചാരികൾക്കും യാത്ര എളുപ്പമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തെക്കൻ ബാത്തിനയിലെ പർവത ഗ്രാമങ്ങളെ അഭിമുഖീകരിക്കുന്ന അൽ ഹെയിൽ വ്യൂപോയിന്റ് ഉൾപ്പെടെ 20 ഓളം ഗ്രാമങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് പ്രാദേശിക ടൂറിസത്തിനും വികസനത്തിനും പുതിയ റോഡ് സഹായകമാകും.
ഈ പദ്ധതികൾ പ്രവേശനം മെച്ചപ്പെടുത്തുക മാത്രമല്ല, സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുകയും പ്രാദേശിക കമ്മ്യൂണിറ്റികളുടെ ആവശ്യങ്ങൾ നിറവേറ്റുകയും രാജ്യത്തിന്റെ വിനോദസഞ്ചാര ആകർഷണം വർധിപ്പിക്കുകയും ചെയ്യുന്നതാണെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.