ഉപഭോക്താക്കളുടെ മറവി: തലവേദനയൊഴിയാതെ മത്ര സൂഖ് വ്യാപാരികൾ
text_fieldsമത്ര: മസ്കത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായ മത്ര സൂഖിലെത്തുന്ന ഉപഭോക്താക്കള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ മറന്നുവെക്കുന്നത് വ്യാപാരികള്‍ക്ക് തലവേദനയാവുന്നു.
സാധനങ്ങള്‍ വാങ്ങുന്നതിനിടെ മൊബൈൽ ഫോണുകളും മറ്റും മറന്നുവെക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. മറന്നുവെക്കുന്ന സാധനങ്ങള്‍ കണ്ടെത്താനാകാതെ വന്നാല്‍ ഉപഭോക്താക്കളില്‍ പലരും പൊലീസില്‍ പരാതിപ്പെടാറാണ് പതിവ്.
ഇതോടെ പൊലീസ് അന്വേഷണത്തിെൻറ ഭാഗമായി സ്റ്റേഷനിലേക്ക് കൊണ്ടുപോകും. നിരവധി കടകളുള്ള സൂഖില്‍ എവിടെയാണ് സാധനങ്ങള്‍ മറന്നുവെച്ചതെന്ന കാര്യം ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ഓർമയും ഉണ്ടാവില്ല. സംശയമുള്ള സ്ഥാപനങ്ങൾ ചൂണ്ടിക്കാണിക്കുന്നതോടെ ഒന്നുമറിയാത്ത കടക്കാരന് പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടിയും വരും.
കഴിഞ്ഞ ദിവസം സമാനമായ സംഭവം അരങ്ങേറി. കഫറ്റീരിയയില്‍ എത്തിയ സ്വദേശിയായ സ്ത്രീ ഫോണ്‍ മറന്നുവെച്ചു. ഇതിനിടെ ഇവിടെനിന്നും വേറെ ഒരാൾ ഫോൺ കവർന്നിരുന്നു. നമ്പറില്‍ വിളിച്ചപ്പോള്‍ സ്വിച്ച്ഡ് ഓഫായിരുന്നു. ആ സമയം ഇന്ത്യന്‍ വംശജയായ സ്ത്രീയെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. ഇവരെ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചെങ്കിലും ആദ്യം വിസമ്മതിച്ചു.
എന്നാൽ, കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളടക്കം കാണിച്ചതോടെ ഫോണ്‍ തിരികെ നൽകുകയായിരുന്നു. പൊലീസ് താക്കീത് ചെയ്ത് അവരെ വിട്ടയക്കുകയും ചെയ്തു.
അതേസമയം, ചില സന്ദര്‍ഭങ്ങളില്‍ മറന്നുവെച്ച സാധനങ്ങള്‍ കടകളില്‍ അവകാശികളില്ലാതെ കിടക്കുകയും ചെയ്യാറുണ്ട്. ഫോണ്‍, പൈസ അടങ്ങിയ ബാഗ് പോലുള്ളവ കിട്ടിയാല്‍ കച്ചവടക്കാര്‍ പൊലീസില്‍ ഏല്പിക്കാറാണ് പതിവ്.
വ്യാപാരികളുടെ ശ്രദ്ധയില്‍ വരാത്തവയും വേറെ ആരെങ്കിലും കവരുകയും ചെയ്യുന്ന സന്ദർഭങ്ങളിലാണ് പലപ്പോഴും വ്യാപാരികള്‍ ബുദ്ധിമുട്ടുക. വിദേശികളും സ്വദേശികളും അടക്കം ദിനേന നൂറുകണക്കിന് ആളുകള്‍ എത്തിച്ചേരാറുള്ള സൂഖില്‍ തിരക്കുള്ള നേരങ്ങളില്‍ ഇത്തരം പരാതികള്‍ വ്യാപകമായി ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ മിക്ക കടകളിലും കാമറ സ്ഥാപിച്ചുകഴിഞ്ഞു. കഴിഞ്ഞയാഴ്ച പണാപഹരണം നടന്ന കടയില്‍ കാമറ ഇല്ലാത്തത് പ്രയാസമായിരുന്നു. സമീപത്തെ കടയിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പിന്നീട് കേസിന് തുമ്പായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.