പഴയ മസ്കത്ത് വിമാനത്താവളം വാണിജ്യ ഹബ്ബായി മാറ്റുന്നു
text_fieldsമസ്കത്ത്: 43 വർഷക്കാലം ഒമാന്റെ പ്രധാന വിമാനത്താവളമായി തല ഉയർത്തിനിന്ന പഴയ അന്താരാഷ്ട്ര വിമാനത്താവളം നവീകരിച്ച് വാണിജ്യ ഹബ്ബായി മാറ്റാനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. 1973ൽ നിർമിച്ച പഴയ വിമാനത്താവളം 2018വരെ ഒമാന്റെ പ്രധാന വിമാനത്താവളമായിരുന്നു. പഴയ വിമാനത്താവളത്തിലെ 50,000 ചതുരശ്ര മീറ്റർ സ്ഥലമാണ് വിവിധോദ്ദേശ്യ വാണിജ്യ ഹബ്ബാക്കി മാറ്റുന്നത്. പദ്ധതി തലസ്ഥാന നഗരിയുടെ സാമ്പത്തിക വികസനത്തിനു വഴിയൊരുക്കും.
പദ്ധതിയിൽ താൽപര്യമുള്ളവർക്കും ഈ മാസം ഒമ്പതുവരെ അവരുടെ മുതൽ മുടക്കാനുള്ള സന്നദ്ധത അറിയിക്കാവുന്നതാണ്. ഒമാൻ എയർപോർട്ട് മാനേജ്മെന്റ് കമ്പനിയായിരിക്കും പദ്ധതിയുടെ മേൽനോട്ടം വഹിക്കുക. വിമാനത്താവളത്തെ അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് പദ്ധതികൾക്കായി ലേലത്തിന് വെച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് 24,000 ചതുരശ്ര മീറ്റർ വരുന്ന വാണിജ്യ മേഖലയാണ്. ചില്ലറ വ്യാപാര സ്ഥാപനങ്ങളടക്കമുള്ളവയാണ് ഇവിടെ പദ്ധതിയിടുന്നത്. 14000 ചതുരശ്ര മീറ്റർ വരുന്ന രണ്ടാം ഭാഗം ബിസിനസ് ഹബ്ബാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ഭാഗത്ത് ഏവിയേഷൻ മ്യൂസിയവും നിർമിക്കും.
20,000 ചതുരശ്ര മീറ്റർ വരുന്ന തുറന്ന ഭാഗം ഔട്ട് ഡോർ എക്സിബിഷൻ സൈറ്റാക്കാനാണ് പദ്ധതി. ഇതിനോടനുബന്ധിച്ച് ബഹുനില പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തും. പഴയ വിമാനത്താവളത്തിന്റെ കൺട്രോൾ ടവർ വികസന പദ്ധതികൾക്കായി ഉപയോഗപ്പെടുത്താൻ ലേലം സമർപ്പിക്കാവുന്നതാണ്. 1973ൽ ഉദ്ഘാടനം നടത്തിയ പഴയ എയർപോർട്ട് 2018ൽ പുതിയ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതുവരെ രാജ്യത്തിന്റെ വൈമാനിക കേന്ദ്രമായിരുന്നു.
എന്നാൽ, പുതിയ വിമാനത്താവളം ആരംഭിച്ചതോടെ പഴയ വിമാനത്താവളം വിസ്മരിക്കപ്പെടുകയായിരുന്നു. എന്നാൽ പുതിയ പദ്ധതി നടപ്പിലാവുന്നതോടെ പഴയ വിമാനത്താവളം വീണ്ടും സജീവമാവും.
പഴയ വിമാനത്താവളത്തിന് ഏറെ സൗകര്യങ്ങളുണ്ട്. നഗര കേന്ദ്രത്തിലാണ് നിലകൊള്ളുന്നത്. മികച്ച റോഡ് സൗകര്യമുള്ളതിനാൽ യാത്രക്കാർക്ക് എളുപ്പത്തിലെ ത്തിപ്പെടാൻ കഴിയും. സുൽത്താൻ ഖാബൂസ് ഹൈവേയോടും മസ്കത്ത് എക്പ്രസ് വേയോടും ചേർന്നുകിടക്കുന്നതിനാൽ സാധാരണക്കാർക്കുപോലും ഏളുപ്പത്തിലെത്തിപ്പെടാൻ പറ്റും.
പുതിയ വിമാനത്താവളം, എയർപോർട്ട് ഹൈറ്റ്സ്, മദീനത്ത് ഇർഫാൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് പഴയ വിമാനത്താവളത്തിന് ചുറ്റുമുള്ളത്. അതിനാൽ ഈ പദ്ധതി നിക്ഷേപകർക്കും ചില്ലറ വ്യാപാരികൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ്. വരാൻപോകുന്ന മസ്കത്ത് മെട്രോ പദ്ധതിയുടെ പ്രധാന സ്റ്റേഷനും ഇതിനു സമീപത്തായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.