പ്രധാനമന്ത്രിയുടെ കാരിക്കേച്ചർ വരച്ച് റെക്കോർഡ് നേടി പ്രണവ്
text_fieldsആറുമാസത്തിനിടെ ഏഷ്യാ ബുക്സ് ഓഫ് റെക്കോർഡ്സിെൻറയും ഇന്ത്യ ബുക്സ് ഓഫ് റെക്കോർസിെൻറയും ബഹുമതി കരസ്ഥമാക്കി ഇന്ത്യൻ സ്കൂൾ ഗുബ്രയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി പ്രണവ് ശിവകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴര അടി നീളവും നാലടി വീതിയുമുള്ള കാരിക്കേച്ചർ 16.34 മിനിറ്റുകൊണ്ട് വരച്ചാണ് പ്രണവ് ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സിെൻറ 'ഗ്രാൻഡ് മാസ്റ്റർ' പദവി സ്വന്തമാക്കിയത്.
പ്രധാനമന്ത്രിയുടെ ഇതേ കാരിക്കേച്ചറിനുതന്നെ ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിെൻറയും ബഹുമതി സ്വന്തമാക്കിയിട്ടുണ്ട്. ഈ ചിത്രം കുറഞ്ഞ സമയത്തിനുള്ളിൽ വരച്ച ഏറ്റവും പ്രായം കുറഞ്ഞ ആളെന്ന നിലക്കുള്ള (യങ്ങസ്റ്റ് ടീനേജർ) എന്ന നേട്ടമാണ് ലഭിച്ചത്. ഒറ്റ ചിത്രത്തിലൂടെ ഇരട്ട ബഹുമതികളാണ് പ്രണവ് കരസ്ഥമാക്കിയത്. നേരത്തെ ലോക്ഡൗൺ സമയത്ത് പത്തു മിനിറ്റുകൊണ്ട് പത്തു ത്രീഡി കാറുകളുടെ ചിത്രം വരച്ച് പ്രണവ് ഇന്ത്യ ബുക്സ് റെക്കോർഡ്സിൽ സ്ഥാനം നേടിയിരുന്നു.
ചെറുപ്പത്തിൽ കാറുകളോട് ഏറെ താൽപര്യം കാണിച്ചിരുന്ന പ്രണവ് നിരവധി കാറുകൾ വരച്ചിരുന്നു. ലോക്ഡൗൺ സമയത്തു വരച്ച കാറുകളുടെ ത്രീഡി ചിത്രങ്ങൾ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടു. വലുതാകുമ്പോൾ മോട്ടോർ കാറുകൾ രൂപകൽപന ചെയ്യുന്ന എൻജിനീയർ ആകണം എന്നാഗ്രഹിക്കുന്ന പ്രണവ് കാറുകളുടെ രൂപകൽപനയിൽ ഭംഗിയേക്കാൾ സുരക്ഷക്കാണ് പ്രാധാന്യം കൊടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഷ്ട്രീയ-സാഹിത്യ-സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖരുടെ കാരിക്കേച്ചറുകൾ പ്രണവ് വരച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ, മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ, സിനിമ താരങ്ങളായ മോഹൻ ലാൽ, മമ്മൂട്ടി എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത വ്യക്തികളുടെ കാരിക്കേച്ചറുകൾ പ്രണവ് കാൻവാസിലാക്കിയിട്ടുണ്ട്. തനിക്ക് ഇരട്ടനേട്ടം സമ്മാനിച്ച ഈ കാരിക്കേച്ചർ എന്നെങ്കിലും പ്രധാനമന്ത്രിക്ക് നേരിട്ട് സമ്മാനിക്കണം എന്നത് പ്രണവിെൻറ സ്വപ്നമാണ്.
നേട്ടങ്ങൾക്കെല്ലാം പ്രചോദനമാകുന്ന മാതാപിതാക്കൾക്കും സഹോദരിക്കും സർവോപരി ദൈവത്തിനുമാണ് പ്രണവ് നന്ദി പറയുന്നത്. എറണാകുളം സ്വദേശികളായ ശിവകുമാറിെൻറയും രമയുടെയും മകനായ പ്രണവ് ഖുറമിലാണ് താമസിക്കുന്നത്. പ്രിയങ്ക സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.