കൊറോണ വ്യാപനം: മടക്കയാത്ര നേരത്തെയാക്കുന്നു
text_fieldsറഫീഖ് പറമ്പത്ത്
സൊഹാർ: ഗൾഫ് രാജ്യത്തുനിന്ന് നാട്ടിലേക്ക് പോയ പ്രവാസികൾ അവധി വെട്ടിച്ചുരുക്കി ജോലിസ്ഥലത്തേക്ക് തിരിച്ചുവരവ് തുടങ്ങി. ഒമാനിൽനിന്ന് അവധിക്ക് പോയ പലരും ലീവ് പൂർത്തിയാക്കാതെ മടങ്ങാനൊരുങ്ങുകയാണ്. കോവിഡ് വ്യാപന തോത് വർധിച്ചതും ഒമിക്രോൺ സാന്നിധ്യവും രാജ്യത്ത് നിയന്ത്രണം വന്നേക്കാം എന്ന ആശങ്കയിലാണ് പലരും യാത്ര നേരത്തെയാക്കുന്നത്. ഒരു ഗൾഫ് രാജ്യവും ഇതുവരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. പക്ഷെ, യാത്ര വിലക്ക്, ക്വാറന്റീൻ എന്നിവ ഏർപ്പെടുത്തിയാൽ നാട്ടിൽ കുടുങ്ങിപ്പോകും എന്ന ചിന്തയിലാണ് പലരും തിരിച്ചുവരവിന് ഒരുങ്ങുന്നത്. വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് പലരും ലീവ് വെട്ടിച്ചുരുക്കി തിരിച്ചെത്തുന്നത്.
ജനുവരി മുതൽ ഫെബ്രുവരി പത്തുവരെ ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് വില 195 റിയാലാണ്. അതായത് 38,000 രൂപ. തിരുവനന്തപുരത്തുനിന്നും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നും ഒരാൾക്ക് ഇൻഷുറൻസടക്കം ഇത്രയും തുക നൽകണം. യാത്രക്കാർ എറെയുള്ള കണ്ണൂർ എയർപോർട്ടിൽനിന്ന് മസ്കത്തിലേക്ക് 200 റിയാലിന് മുകളിലാണ് നിരക്ക്. എയർ ബബ്ൾ കരാർ നിലവിലുള്ളതിനാലാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമെന്ന് സഹമിൽ ക്യാപ്റ്റൻ ട്രാവൽസിലെ പ്രതിനിധി അഷ്റഫ് പറഞ്ഞു.
എന്നാൽ, കോഴിക്കോടുനിന്ന് മസ്കത്തിലേക്കുള്ള യാത്രാദൂരം മൂന്നര മണിക്കൂറാണ്. ഇതേസമയം തന്നെയാണ് കോഴിക്കോടുനിന്നും ദുബൈയിലേക്കുമുള്ളത്. ദുബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 70 റിയാൽ മാത്രമാണ്. ഖത്തറിലേക്ക് 100 റിയാലും. ഇങ്ങനെ ടിക്കറ്റ് നിരക്കിലെ അന്തരം പലപ്പോഴും പ്രവാസികൾ ചൂണ്ടിക്കാണിച്ചുവെങ്കിലും സാങ്കേതികവശം പറഞ്ഞ് ന്യായീകരിക്കുകയാണ് പതിവ്. കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിനായി വലിയ സാമ്പത്തിക ബാധ്യത വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.