സുൽത്താൻ ഖാബൂസിെൻറ ദീപ്ത സ്മരണകളിൽ രാജ്യം
text_fieldsമസ്കത്ത്: പ്രിയ ഭരണാധികാരി സുൽത്താൻ ഖാബൂസിെൻറ ഒാർമകളിലാണ് ഒമാനിലെ സ്വദേശികളും. ഇല്ലായ്മകളിൽനിന്ന് ആധുനിക ഒമാനെ പടുത്തുയർത്തിയ പ്രിയ ഭരണാധികാരി ഇൗ ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിട്ടു. 2020 ജനുവരി പത്തിന് 79ാമത്തെ വയസ്സിലായിരുന്നു ഒമാനെ സങ്കടക്കടലിലാഴ്ത്തി സുൽത്താൻ ഖാബൂസ് വിടപറഞ്ഞത്. അറബ്ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. ഭരണത്തിലേറി 50 വർഷം പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. ആധുനിക ഒമാെൻറ ചരിത്രത്തെ സുൽത്താൻ ഖാബൂസിന് മുമ്പും ശേഷവും എന്ന രീതിയിൽ തരംതിരിക്കാവുന്നതാണ്.
പരിമിതമായ എണ്ണസമ്പത്തിനെ ഗുണകരമായ രീതിയിൽ വിനിയോഗിച്ച് രാജ്യത്തെ മധ്യകാലഘട്ടത്തിൽനിന്ന് ആധുനികതയിലേക്ക് അതിവേഗം വഴിനടത്താൻ അദ്ദേഹത്തിന് സാധിച്ചു. സുൽത്താൻ ഖാബൂസ് അധികാരമേൽക്കുന്നതിനുമുമ്പ് അറേബ്യൻ ഉപദ്വീപിൽ ഏറ്റവും അപ്രധാനമായ രാജ്യമായിരുന്നു ഒമാൻ. എന്നാൽ 50 വർഷങ്ങൾക്കിപ്പുറം വികസിത രാഷ്ട്രങ്ങളുടെ മുൻനിരയിലാണ് ഒമാെൻറ സ്ഥാനം.
മേഖലയിലെ വിവിധ വിഷയങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും സുൽത്താൻ ഖാബൂസിെൻറ നേതൃത്വത്തിൽ ഒമാൻ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. ആഗോള സമാധാനത്തിനായുള്ള നിരന്തര പരിശ്രമങ്ങളാണ് സുൽത്താൻ ഖാബൂസിനെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനാക്കിയത്. തർക്കങ്ങൾക്കും അഭിപ്രായങ്ങൾക്കും പരിഹാരം സംഘർഷങ്ങളല്ല മറിച്ച് ഒത്തുതീർപ്പും അനുരഞ്ജനവുമാണെന്ന് സുൽത്താൻ ഖാബൂസ് ലോകത്തിന് കാണിച്ചുകൊടുത്തു. അമേരിക്കയും വൻശക്തി രാഷ്ട്രങ്ങളും ഇറാനുമായി 2015ൽ ഒപ്പുവെച്ച ആണവകരാർ ഇതിെൻറ ഉദാഹരണമാണ്. മികച്ച രാജ്യതന്ത്രജ്ഞൻ കൂടിയായിരുന്നു സുൽത്താൻ ഖാബൂസ്. സുൽത്താൻ ഖാബൂസ് രൂപപ്പെടുത്തിയെടുത്ത സ്വതന്ത്ര വിദേശകാര്യ നയത്തിെൻറ ഫലമായി ഒമാന് എവിടെയും മിത്രങ്ങൾ മാത്രമാണുള്ളത്.
സംഘർഷാവസ്ഥകൾക്ക് പരിഹാരം കാണാൻ ഒരു ഇടനിലക്കാരെൻറ റോളിലുള്ള ഒമാെൻറ പ്രവർത്തനങ്ങൾ െഎക്യരാഷ്ട്ര സഭയുടെ വരെ അംഗീകാരം നേടിയ ഒന്നാണ്. ഭീകരവാദത്തിെൻറ ഭീഷണികൾ ഇതുവരെയില്ലാത്ത രാജ്യമാണ് ഒമാൻ. സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾ നിമിത്തം ഒമാൻ പ്രവാസികളുടെയും ഇഷ്ടകേന്ദ്രമായി. ഇന്ത്യക്കാരോട് പ്രത്യേക താൽപര്യമുണ്ടായിരുന്ന ഭരണാധികാരി കൂടിയായിരുന്നു ഖാബൂസ്. സംഘർഷഭരിതമായ മേഖലയിൽ സമാധാനത്തിെൻറയും ഭദ്രതയുടെയും മരുപ്പച്ചയായി ഒമാനെ മാറ്റിയെടുത്തത് സുൽത്താൻ ഖാബൂസിെൻറ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകൾ ഒന്ന് മാത്രമാണ്. അത് ഒന്നുെകാണ്ടുമാത്രം ഒമാനിലെ ഭാവിതലമുറ എന്നും സുൽത്താൻ ഖാബൂസിനെ സ്മരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.