സ്നേഹത്തുരുത്തുകളുടെ നാട്....
text_fields1991മുതൽ സൗദിയിലും പിന്നീട് കുറച്ച് വർഷങ്ങൾ യു.എ.ഇയിലും ജോലി ചെയ്തിരുന്ന കാലത്ത് തന്നെ ഒമാൻ എന്ന രാജ്യത്തെയും അവിടുത്തെ ഭൂപ്രകൃതിയെയും പ്രത്യേകിച്ച് അവിടുത്തെ ആളുകളുടെ ആതിഥ്യമര്യാദകളെ കുറിച്ചും ധാരാളം കേട്ടിരുന്നു. 2019ലാണ് കണ്ണൂർ സ്വദേശി ഷുക്കൂർക്കയുടെ ഒമാനിലെ സോഹാറിലുള്ള താജ് അൽ ഫലജ് ഗ്രൂപ്പിെൻറ ഒരു സ്ഥാപനത്തിൽ മാനേജരായി എത്തുന്നത്. ഒരു പക്ഷേ പറഞ്ഞ് കേട്ടതിനെക്കാൾ ഉപരിയായിരുന്നു ഒമാനിലെ കാര്യങ്ങൾ. മുമ്പ് ജോലി ചെയ്തിരുന്ന രാജ്യങ്ങളിലെ സാഹചര്യങ്ങളിൽനിന്ന് വളരെ വ്യത്യസ്തവും സൗഹൃദപരവുമായ അന്തരീക്ഷം. സഹപ്രവർത്തകരും ഉപഭോക്താക്കളുമായ ഒമാനികളുടെ സൗമ്യമായ പെരുമാറ്റവും സൗഹൃദ മനോഭാവവും താമസിയാതെ എെൻറ അപരിചിതത്വവും സങ്കോചവും ഇല്ലാതാക്കി. ഒഴിവ് ദിവസങ്ങളിൽ കുടുംബവുമായി അടുത്തുള്ള പാർക്കിൽ പോവുമ്പോൾ 11 വയസ്സുള്ള മോളെ സമപ്രായക്കാരായ ഒമാനി പെൺകുട്ടികൾ നിർബന്ധിച്ച് അവരുടെ കൂടെ കൂട്ടുമായിരുന്നു. ആദ്യ ദിനങ്ങളിൽ ഒക്കെ മടിച്ചു നിന്നിരുന്ന മകൾ പിന്നീട് അവരുടെ ഉറ്റ കൂട്ടുകാരിയായി. തിരികെ വീട്ടിൽ എത്തിയാൽ ഒമാനി കൂട്ടുകാരികളുടെ വിശേഷങ്ങൾ അവൾക്ക് ധാരാളം പറയാനുണ്ടാവും.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഞാൻ സോഹാറിലെ ആശുപത്രിയിലായപ്പോൾ എന്നെ സന്ദർശിക്കാൻ വന്ന ഒമാനി സഹപ്രവർത്തകരുടെ രീതി മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു. മിക്കവാറും ദിവസങ്ങളിൽ നേരിൽ വന്ന് വിശേഷങ്ങൾ ചോദിച്ചറിയുമായിരുന്നു. ഒമാനി സഹപ്രവർത്തകരായ സാലിം ഉഫൈലി അബൂ അമ്മാർ, അഹമ്മദ് അൽ മാമരി, ഹമദ്, ഖമീസ്, അദ്നാൻ, അലി മസ്റൂഇ, സമീർ തുടങ്ങിയവരെല്ലാം പ്രിയപ്പെട്ടവരാണെങ്കിലും കൂട്ടത്തിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വമാണ് ആസിം അൽ മാമരി.
തുടക്കത്തിൽ സ്ഥാപനത്തിൽ സെക്യൂരിറ്റിയായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. കാഴ്ചയിൽ പരുക്കൻ സ്വഭാവക്കാരനായിരുന്ന ആസിം, പക്ഷേ പരോപകാരിയായ മനസ്സിന് ഉടമയാണെന്ന് താമസിയാതെ അദ്ദേഹം തെളിയിച്ചു. പലപ്പോഴും വീട്ടിൽ ഉണ്ടാക്കുന്ന ഒമാനി വിഭവങ്ങൾ എനിക്കും കുടുംബത്തിനും അദ്ദേഹം മക്കളുമൊത്ത് വന്ന് തരാറുണ്ട്.
നാട്ടിൽ പോകുമ്പോഴും തിരികെ ഒമാനിൽ എത്തുമ്പോഴും എയർപോർട്ടിലേക്ക് വരാൻ അദ്ദേഹം സന്നദ്ധനാവുമെങ്കിലും ഞാൻ സ്േനഹപൂർവം അത് നിരസിക്കലാണ്. ഒരു സഹപ്രവർത്തകൻ എന്നതിലുപരി ഒരു സഹോദരൻ എന്ന നിലയിൽ ഇപ്പോഴും സൗഹൃദം കാത്തു സൂക്ഷിക്കുന്നു.
ഒമാനും കേരളവുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പായ്കപ്പലുകളിൽ കച്ചവടസാധനങ്ങളുമായി കേരളതീരത്ത് വന്നിറങ്ങിയതു മുതലാണ് ആ ബന്ധത്തിെൻറ തുടക്കം. എഴുപതുകളിൽ അറബിപ്പൊന്ന് തേടി കടൽ കടന്ന മലയാളികൾ സുൽത്താൻ നാട്ടിലുമെത്തി. ഒമാൻ സമൂഹത്തിെൻറ പെരുമയേറിയ ആതിഥ്യമര്യാദയും ദീനാനുകമ്പയും ഒരുപാട് പേരുടെ ജീവിതത്തിന് നിർണായക വഴിത്തിരിവായിട്ടുണ്ട്. ഇൗ നാട്ടിലെ ജീവിതത്തിനിടയിൽ നിങ്ങളെ അത്രമേൽ സ്വാധീനിച്ച ഒരു ഒമാനി സൗഹൃദം ഉണ്ടാവില്ലേ. സ്വദേശികളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതത്തിലുണ്ടായ മറക്കാനാകാത്ത അനുഭവം ഗൾഫ് മാധ്യമത്തിലൂടെ വായനക്കാരുമായി പങ്കുവെക്കാം. +968 7910 3221 എന്ന നമ്പറിൽ വാട്ട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്ന മെയിൽ വിലാസത്തിലോ നിങ്ങളുടെ അനുഭവങ്ങൾ അയക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.