രാജ്യത്തെ ആദ്യ ഫിഷ് ഓയിൽ റിഫൈനറി യൂനിറ്റ് ദുകത്ത് തുറന്നു
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യത്തെ ഫിഷ് ഓയിൽ റിഫൈനറി യൂനിറ്റ് ദുകത്തെ പ്രത്യേക സാമ്പത്തിക മേഖലയിൽ തുറന്നു. ദുകം ആസ്ഥാനമായുള്ള ഗോൾഡ് ഫിൻ ഇന്റർനാഷനൽ കമ്പനിയാണ് യൂനിറ്റ് തുറന്നത്. പ്രതിദിനം 10 ടൺ മത്സ്യ എണ്ണ ഉൽപാദിക്കാൻ ശേഷിയുണ്ട്.
മത്സ്യ-ഭക്ഷ്യ വ്യവസായങ്ങൾക്കായി നിയുക്തമാക്കിയ പ്രദേശത്താണ് യൂനിറ്റ് സ്ഥിതി ചെയ്യുന്നത്. മത്സ്യ എണ്ണയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ (ഒമേഗ -3), മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമായ മറ്റ് എണ്ണകൾ എന്നിവയുൾപ്പെടെ വേർതിരിച്ചെടുക്കാൻ ഈ യൂനിറ്റിന് സാധിക്കും. മേഖലയിലെ മത്സ്യ-ഭക്ഷ്യ വ്യവസായങ്ങൾക്ക് മൂല്യവർധിത സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫാക്ടറി തുറന്നതെന്ന് പ്രത്യേക സാമ്പത്തിക മേഖലയിലെ ആക്ടിങ് സി.ഇ.ഒ എൻജി. അഹ്മദ് ബിൻ അലി അക്കാക്ക് പറഞ്ഞു.
മത്സ്യ എണ്ണ ശുദ്ധീകരിക്കുന്നതിലും ഉൽപാദിപ്പിക്കുന്നതിലും യൂനിറ്റ് ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാക്ടറിയുടെ ഉൽപന്നങ്ങൾ പ്രാദേശിക വിപണിയുടെ ആവശ്യങ്ങളും നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ളവ പ്രാദേശിക, അന്തർദേശീയ വിപണികളിലേക്ക് കയറ്റുമതി ചെയ്യുമെന്നും ഫാക്ടറി ഉടമ മുഹമ്മദ് ബഷീർ പറഞ്ഞു.
മത്സ്യ-ഭക്ഷ്യ വ്യവസായങ്ങൾക്കായി നിയുക്ത മേഖലയിൽ 2018ൽ ഉദ്ഘാടനം ചെയ്ത ഫിഷ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചെലവ് 30 ലക്ഷം റിയാലാണെന്നും ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.