കോവിഡ്: കഴിഞ്ഞമാസം മരിച്ചത് 94പേർ
text_fieldsമസ്കത്ത്: കഴിഞ്ഞമാസം കോവിഡ് ബാധിച്ച് മരിച്ചത് 94 പേരെന്ന് ആരോഗ്യമന്ത്രാലയം. കൂടുതലാളുകൾ മരിച്ചത് ഫെബ്രുവരി ആറിനായിരുന്നു. 14 പേർക്കാണ് അന്ന് മഹാമാരിമൂലം ജീവൻ നഷ്ടമായത്. ജനുവരിയിൽ 30 പേരെയാണ് കോവിഡ് കൊണ്ടുപോയത്. എന്നാൽ, ഡിസംബറിൽ മൂന്നും നവംബറിൽ രണ്ടും ആളുകൾ മാത്രമാണ് മരിച്ചിരുന്നത്. ഫെബ്രുവരി 23, 24 തീയതികളിൽ ഒഴിക ഒരു മരണമെങ്കിലും രാജ്യത്ത് റിപ്പോർട്ട് ചെയ്യാതെ കടന്നുപോയിട്ടില്ല.
കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 4,248 പേരാണ് ഇതുവരെ മഹാമാരി പിടിപെട്ട് മരിച്ചത്. കഴിഞ്ഞമാസം 48,237 ആളുകൾക്കാണ് രോഗം പിടിപെട്ടത്. കൂടുതൽ രോഗം സ്ഥിരീകരിച്ചത് ഫെബ്രുവരി 14നാണ്. പ്രതിവാര അവധി കഴിഞ്ഞുള്ള അന്ന് 6146പേർക്കാണ് പോസിറ്റിവായത്. എന്നാൽ, 6,640 പേർ രോഗമുക്തി നേടുകയും ചെയ്തു. 47,967 പേർക്കാണ് കഴിഞ്ഞമാസം രോഗം ഭേദമായത്. പല ദിവസവും പ്രതിദിന രോഗബാധിതരേക്കാൾ ഉയർന്നതായിരുന്നു രോഗമുക്തി നിരക്ക്.
ഇത് മരണങ്ങൾക്കിടയിലും ആശ്വാസം നൽകുന്ന കാര്യമായി. കൂടുതൽ രോഗമുക്തി നേടിയത് പ്രതിവാര അവധി കഴിഞ്ഞുള്ള ഫെബ്രുവരി 13നായിരുന്നു. 7141പേർക്കാണ് അന്ന് കോവിഡ് ഭേദമായത്. ഇടവേളക്കുശേഷം കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെ കർശന നടപടികളായിരുന്നു അധികൃതർ സ്വീകരിച്ചത്. ഇത് ഫലം കണ്ടതോടെ പ്രതിദിനകേസുകളിൽ താഴേക്ക് എത്തിത്തുടങ്ങി. ഫെബ്രുവരി ഒന്നിന് 2,828 ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. എന്നാൽ, 28 ആയപ്പോഴേക്കും 863 ആളുകൾക്ക് മാത്രം രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയിലേക്ക് എത്തി.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. മാസത്തിന്റെ തുടക്കത്തിൽ പ്രതിദിനം നൂറുരോഗികളെവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും ആശുപത്രിവാസവും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലുമുണ്ടായ വർധനവും ആരോഗ്യമേഖലയിലുള്ളവരെ ആശങ്കയിലാഴ്ത്തി. എന്നാൽ, മാസാവസാനമായപ്പോഴേക്കും ദിനേന 50ൽ താഴെ പേർ മാത്രം ആശുപത്രിയിൽ പ്രവേശിക്കുന്ന സ്ഥിതിയിലേക്ക് എത്തി. കോവിഡ് കേസുകൾ നിയന്ത്രണ വിധേയമായതോടെ മാർച്ച് ഒന്ന് മുതൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ലെന്ന് കോവിഡ് അവലോകന സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഇൻഡോർ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികൾക്ക് മാസ്ക് നിർബന്ധമാണ്. നൂറുശതമാനം ശേഷിയിൽ ഹോട്ടലുകൾ പ്രവർത്തിപ്പിക്കാനും അനുമതി നൽകിട്ടുണ്ട്. എന്നാൽ, ഹാളുകളിലും മറ്റും നടക്കുന്ന സമ്മേളനങ്ങൾ, എക്സിബിഷനുകൾ, പൊതുപരിപാടികൾ മുൻ നിശ്ചയ പ്രകാരം 70ശതമാനം ആളുകളേ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്നു നിർദേശം നൽകിയിട്ടുണ്ട്. 3,83,874 ആളുകൾക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 3,71,874 ആളുകൾക്ക് അസുഖം ഭേദമാകുകയും ചെയ്തു. നിലവിൽ 7752 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.