കോവിഡ് പ്രാദേശിക വിപണിയെ ബാധിച്ചു: പ്രമുഖ ഒമാൻ ബാങ്കുകളിൽ 32 ശതമാനം ഇടിവ്
text_fieldsമസ്കത്ത്: ഒമാനിലെ പ്രധാനപ്പെട്ട എട്ട് ബാങ്കുകളുടെ ലാഭം മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 32 ശതമാനം കുറഞ്ഞു. വിവിധ ബാങ്കുകളുടെ വാർഷിക റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബാങ്കുകളുടെ ആസ്തിയിലും 3.6 ശതമാനം ഇടിവ് 2020ൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രാദേശിക വിപണിയെ കാര്യമായി ബാധിച്ചതും വായ്പകളിലുണ്ടായ കുറവുമൊക്കെയാണ് ലാഭം ഇടിയാൻ കാരണമായത്. എന്നാൽ കനത്ത ആഘാതം സൃഷ്ടിച്ച കോവിഡ് കാലത്തും ബാങ്കുകൾക്ക് കൂപ്പുകുത്താതെ പിടിച്ചുനിൽകാൻ കഴിഞ്ഞത് മെച്ചമായാണ് വിലയിരുത്തപ്പെടുന്നത്.
പടിഞ്ഞാറൻ രാജ്യങ്ങളുടെ ബാങ്കുകൾ പലതും 50 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തിയ കാലത്ത് ജി.സി.സി രാജ്യങ്ങളിലെ ബാങ്കുകൾ താരതമ്യേന സ്ഥിരത പ്രകടിപ്പിക്കുകയായിരുന്നു. ഒമാനി ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഡിജിറ്റൽ ചാനലുകൾ വഴി പതിവ് ഇടപാടുകൾക്ക് ഫലപ്രദമായ ബദലുകൾ നൽകുന്നതിന് സാങ്കേതിക മുന്നേറ്റങ്ങൾ നടപ്പിലാക്കുകയും ചെയ്തുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ബ്രാഞ്ചുകളില്ലാത്ത ബാങ്കിങ്, കാഷ്ലെസ്-കാർഡ്ലെസ് ഇടപാടുകൾ, ഓൺലൈൻ സേവനങ്ങൾ എന്നിവ കഴിഞ്ഞ വർഷത്തിൽ ഏറെ മുന്നോട്ടുപോയത് ഈ കാരണത്താലാണ്. പുതിയ സാമ്പത്തിക വർഷത്തിൽ കഴിഞ്ഞ വർഷത്തെ നഷ്ടത്തെ മറികടക്കാനുള്ള ആസൂത്രണത്തിലാണ് ബാങ്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.