കോവിഡ് കേസുകൾ ഉയരുന്നു; പ്രതിരോധ പ്രവർത്തനം ഊർജിതം
text_fieldsമസ്കത്ത്: കോവിഡിന്റെ മറ്റൊരു തരംഗത്തിലേക്ക് രാജ്യം നീങ്ങാതിരിക്കാൻ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ഭരണകൂടം. കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് വന്നപ്പോഴും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളൊന്നും നൽകിയിരുന്നില്ല. പല യൂറോപ്യൻ രാജ്യങ്ങളും കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ അയവ് വരുത്തി. ഇത് പിന്നീട് രോഗികളുടെ വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി. അത്തരമൊരു സാഹചര്യം ഒമാനിൽ വരാതിരിക്കാൻ സൂക്ഷ്മതയോടെയാണ് അധികൃതർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ടാർജറ്റ് ഗ്രൂപ്പിന് ബൂസ്റ്റർ ഡോസ് വ്യാപകമാക്കിയത് പ്രതിരോധ പ്രവർത്തനങ്ങളിലെ മികച്ച നടപടിയായാണ് ആരോഗ്യമേഖലയിലുള്ളവർ കാണുന്നത്.
പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. വാക്സിനുകളുടെ ഫലപ്രാപ്തി ഒരു കാലയളവിന് ശേഷം കുറയും. മൂന്നാം ഡോസ് ഒമിക്രോണിനെതിരെ 70-75 ശതമാനം വരെ സംരക്ഷണം നൽകുമെന്ന് ഒമാൻ റോയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻറ് ഡോ. ഫാരിയാൽ അൽ ലവതിയ പറഞ്ഞു. രണ്ട് ഡോസ് എടുത്തവർക്ക് 30 ശതമാനം സംരക്ഷണമേ ലഭിക്കുകയുള്ളൂവെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. നിലവിൽ വിദേശികളടക്കം വിവിധ ഗവർണറേറ്റുകളിൽ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ വിദേശികൾക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്നാണ് കരുതുന്നത്.
കോവിഡ് അവലോകന സുപ്രീം കമ്മിറ്റി നിർദേശിച്ച മാനദണ്ഡം ഹോട്ടലുകളും റസ്റ്റാറന്റുകളും പാലിക്കണമെന്ന് പൈതൃക-ടൂറിസം മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം നിർദേശം ലംഘിച്ച മസ്കത്തിലെയും സലാലയിലെയും പ്രമുഖ ഹോട്ടലുകൾക്കെതിരെയും കഴിഞ്ഞ ആഴ്ചകളിൽ മന്ത്രാലയം നടപടിയെടുത്തിരുന്നു. വാണ്യജ്യ-വ്യവസായ സ്ഥാപനങ്ങൾ മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമെ പ്രവേശിപ്പിക്കാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നില്ലെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.