കോവിഡ്: കുറയാതെ മരണം; 2234 പുതിയ രോഗികൾ
text_fieldsമസ്കത്ത്: ഒമാനിലെ കോവിഡ് മരണനിരക്കിൽ കുറവില്ല. 43 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ മരണം 3056 ആയി ഉയർന്നു. 2234 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 2,66,536 ആയി ഉയർന്നു. 1569 പേർക്ക് കൂടി രോഗം ഭേദമായി. 2,33,287 പേരാണ് രോഗമുക്തരായത്. 33,249 പേരാണ് ഇപ്പോൾ രോഗബാധിതരായി ചികിത്സയിലുള്ളത്.
87.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഏറെ ഇടവേളക്കു ശേഷമാണ് രോഗമുക്തി നിരക്ക് ഇത്രയധികം കണ്ട് കുറയുന്നത്. 181 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1613 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 525 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വാക്സിനേഷനിലൂടെ കോവിഡിന് പ്രതിരോധം തീർക്കുന്നതിെൻറ ഭാഗമായി ആരോഗ്യ വകുപ്പ് പുതിയ മുൻഗണനാ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് പുതുതായി വാക്സിൻ നൽകുക. വാക്സിൻ സ്വീകരിക്കുന്നവർ തറാസുദ് പ്ലസ് ആപ്ലിക്കേഷൻ മുഖേന അപ്പോയിൻമെന്റ് ബുക്ക് ചെയ്യണമെന്നും അടുത്ത ഞായറാഴ്ച മുതൽ വാക്സിൻ നൽകി തുടങ്ങുമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. 45 വയസ്സിന് മുകളിലുള്ളവരുടേതുപോലെ 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനിലും സ്വദേശികൾക്കായിരിക്കും മുൻഗണന.
60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയാണ് വാക്സിനേഷനുള്ള ആദ്യ ഘട്ട മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ ഘട്ടത്തിൽ സ്വദേശികൾക്ക് ഒപ്പം നിരവധി പ്രവാസികൾക്കും രണ്ട് ഡോസ് സൗജന്യ വാക്സിൻ ലഭിച്ചിരുന്നു. 18നും 60നുമിടയിൽ പ്രായമുള്ള പ്രവാസികൾ സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകിയാണ് വാക്സിനെടുത്തത്. രണ്ട് ഡോസ് ആസ്ട്രാസെനക്ക വാക്സിന് 22 റിയാലാണ് നിരക്ക്. ഫൈസർ വാക്സിന് 40 റിയാലിന് മുകളിലുമാണ് നിരക്ക്.
ബിസിനസ് ആവശ്യാർഥവും മറ്റും നിരന്തര യാത്രകൾ ആവശ്യമായി വരുന്നവരാണ് സ്വകാര്യ ആശുപത്രികളില്‍ പോയി തിരക്കിട്ട് വാക്സിനുകൾ എടുക്കുന്നത്. എന്നാല്‍, ശമ്പളക്കാരും താഴ്ന്ന വരുമാനക്കാരുമൊക്കെ അൽപം കാത്തുനില്‍ക്കേണ്ടി വന്നാലും സര്‍ക്കാറിെൻറ സൗജന്യ പ്രതിരോധ കുത്തിവെപ്പ് സാര്‍വത്രികമാക്കുമെന്ന പ്രതീക്ഷയിലാണുള്ളത്. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ വാക്സിനേഷൻ ഒരുക്കി തരുമെന്ന പ്രതീക്ഷയില്‍ കാത്തുനില്‍ക്കുന്നവരുമുണ്ട്. രണ്ട് വാക്സിനുകൾക്ക് കൂടി ഒമാൻ അംഗീകാരം നൽകിയതോടെ വാക്സിൻ യഥേഷ്ടം ലഭ്യമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.