കോവിഡ് പ്രതിരോധം: കുത്തിവെപ്പെടുത്തവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു
text_fieldsമസ്കത്ത്: കോവിഡിനെതിരായ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ഡിസംബറിൽ ആരംഭിച്ച കുത്തിവെപ്പ് മേയ് പകുതിയിലെത്തുേമ്പാൾ 2,14,192 പേർ സ്വീകരിച്ചെന്ന് ഒമാൻ വാർത്ത ഏജൻസി അറിയിച്ചു. ഫൈസർ, ആസ്ട്രസെനക വാക്സിനുകളുടെ ഒന്നാം ഡോസാണ് ഇത്രയും പേർ സ്വീകരിച്ചത്.
അടുത്ത മാസം 15 ലക്ഷം ഡോസുകൾകൂടി നൽകാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നിലവിൽ വാക്സിൻ നൽകുന്ന 60 വയസ്സിനു മുകളിലുള്ള വയോധികരിൽ 72 ശതമാനം പേരും ഇതിനകം കുത്തിവെപ്പെടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിൽ ഉൾപ്പെട്ട മറ്റുള്ളവരും 45 വയസ്സിന് മുകളിലുള്ളവരും അടുത്ത ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കും. ആരോഗ്യപ്രവർത്തകരിൽ 91 ശതമാനം പേർ ഇതിനകം കുത്തിവെപ്പ് എടുത്തുകഴിഞ്ഞു.അതേസമയം, 12ാം ക്ലാസ് പരീക്ഷക്കിരിക്കുന്ന കുട്ടികളുടെയും നേതൃത്വം നൽകുന്ന അധ്യാപകരുടെയും സ്കൂൾ സ്റ്റാഫിെൻറയും കുത്തിവെപ്പ് മേയ് 25ന് നടക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എല്ലാ ഗവർണറേറ്റിലെയും സർക്കാർ, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ ലഭിക്കും. പരീക്ഷാഹാളിൽ നിരീക്ഷകരായെത്തുന്ന അധ്യാപകരും മൂല്യനിർണയ പ്രക്രിയയിൽ പങ്കെടുക്കുന്നവരും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കും വരും ആഴ്ചകളിൽ പ്രതിരോധ കുത്തിവെപ്പ് ലഭ്യമായേക്കുമെന്ന് ആരോഗ്യ വകുപ്പ് സൂചന നൽകിയിട്ടുണ്ട്. നേരത്തേ ജീവനക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ താൽപര്യമുള്ള കമ്പനികളോട് വിവരങ്ങൾ കൈമാറാൻ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇത്തരത്തിൽ പ്രതിരോധ കുത്തിവെപ്പ് വാങ്ങുന്ന കമ്പനികൾക്കുവേണ്ടി സ്വകാര്യ ആശുപത്രികളിൽ തയാറെടുപ്പുകൾ നടന്നുവരുകയാണ്.
സ്വദേശികൾക്കും താമസക്കാർക്കും വാക്സിൻ സൗജന്യം –ആരോഗ്യ വകുപ്പ്
മസ്കത്ത്: സ്വദേശികൾക്കും താമസക്കാർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഘട്ടംഘട്ടമായുള്ള വാക്സിൻ വിതരണത്തിൽ ടാർഗറ്റ് ഗ്രൂപ്പ് അംഗങ്ങൾക്കാണ് സൗജന്യം ലഭിക്കുക.
ഈ വർഷം രണ്ട് ഘട്ടങ്ങളായാണ് കുത്തിവെപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഗസ്റ്റിൽ അവസാനിക്കുന്ന ആദ്യ ഘട്ടത്തിൽ ജനസംഖ്യയുടെ 30 ശതമാനവും ഡിസംബർവരെയുള്ള രണ്ടാംഘട്ടത്തിൽ അടുത്ത 40 ശതമാനത്തിനും കുത്തിവെപ്പ് നൽകും. 70ശതമാനം പേർ ആകെ ഈ വർഷം കുത്തിവെപ്പ് എടുക്കുമെന്ന് നേരത്തേ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. വാക്സിൻ ലഭ്യമാക്കാൻ വിവിധ കമ്പനികളുമായി സർക്കാർ ധാരണയിലെത്തിയിട്ടുണ്ട്. അടുത്തമാസം 10 ലക്ഷം വാക്സിൻ ഡോസുകൾ എത്തും.
ഒരോസമയത്തും സർക്കാർ നിർണയിക്കുന്ന വിഭാഗങ്ങളാണ് ടാർഗറ്റ് ഗ്രൂപ്പ്. നിലവിൽ 60 വയസ്സ് കഴിഞ്ഞവരും ഗുരുതര രോഗമുള്ളവരും ആരോഗ്യപ്രവർത്തകരുമാണ് ഗ്രൂപ്പിൽ ഉൾപ്പെടുന്നവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.