കോവിഡ് വ്യാപനം: നടപടി ശക്തം
text_fieldsമസ്കത്ത്: ഒമാനിൽ കോവിഡ് വ്യാപനം വർധിച്ചതോടെ നടപടികൾ ശക്തമാക്കി അധികൃതർ. നിലവിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 99 ശതമാനവും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണാണെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപന സാധ്യത കൂടുതലായതിനാൽ വരും ദിവസങ്ങളിൽ നടപടികൾ ശക്തമാക്കുമെന്ന സൂചനയാണ് സുപ്രീം കമ്മിറ്റി നിർദേശങ്ങളിൽനിന്ന് മനസ്സിലാവുന്നത്. ഒരേസമയം എല്ലാ ഗവർണറേറ്റുകളിലും ഒമിക്രോൺ പടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പുതിയ വകഭേദം രണ്ട് വാക്സിനേഷനുകൾ എടുത്തവരിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും വാക്സിൻ എടുക്കാത്തവരിൽ കാര്യമായ ആരാഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ആശങ്കയുണ്ട്. വാക്സിൻ എടുക്കാത്ത കുട്ടികളെയും പ്രതികൂലമായി ബാധിക്കും.
കോവിഡ് വ്യാപകമായിട്ടും പൊതുജനങ്ങൾ ജാഗ്രത പാലിക്കാത്തതും രോഗം പടരാൻ കാരണമാവുന്നുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തതോടെ പലരും കോവിഡിനെ മറന്നതുപോലെയാണ്. രോഗനിയന്ത്രണത്തിന്റെ ഭാഗമായ സാമൂഹിക അകലം പാലിക്കൽ എവിടെയും നടക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ആളുകൾ തിങ്ങിക്കൂടുന്നതും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതും രോഗവ്യാപനത്തിന് കാരണമായി കണക്കാക്കുന്നു. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ നടത്തേണ്ട ശരീര ഊഷ്മാവ് പരിശോധനയും പല സ്ഥാപനങ്ങളിലും നടക്കുന്നില്ല. മാസ്ക് ധരിക്കുന്നതിലുള്ള ജാഗ്രതയും കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവയെല്ലാം കർശനമായി നടപ്പാക്കാൻ സാധ്യതയുണ്ട്.
കോവിഡ് വ്യാപനം മുന്നിൽ കണ്ടാണ് മസ്ജിദുകളിൽ വെള്ളിയാഴ്ച പ്രാർഥനക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വരുന്ന രണ്ടാഴ്ചത്തേക്കാണ് നിലവിൽ നിയന്ത്രണം നടപ്പാവുന്നത്. മസ്ജിദുകളിൽ നൂറുകണക്കിന് വിശ്വാസികൾ വരാൻ തുടങ്ങിയത് കാരണം നിയന്ത്രണങ്ങൾ പൂർണമായി പാലിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നതായി വിലയിരുത്തിയിരുന്നു. പല മസ്ജിദുകളിലും പരിധിയിൽ കൂടുതൽ ആളുകളാണ് പ്രാർഥനക്ക് എത്തുന്നത്. ഇതിനാൽ സാമൂഹിക അകലം പാലിക്കാനും കഴിയുന്നില്ല. ഇത് രോഗവ്യാപനത്തിന് കാരണമായേക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇതൊക്കെ മുന്നിൽ കണ്ടാണ് വെള്ളിയാഴ്ച പ്രാർഥനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പകുതിയാക്കാനുള്ള തീരുമാനം ജോലിസ്ഥലങ്ങളിൽ തിരക്ക് കുറയാൻ കാരണമാകും. അതോടൊപ്പം ജീവനക്കാർ കുറയുന്നത് സേവനങ്ങൾ വൈകാനും കാരണമാവും. അതിനാൽ വിസ അടക്കമുള്ള സേവനങ്ങൾ ആവശ്യമുള്ളവർ അവസാനസമയത്തേക്ക് മാറ്റിവെക്കാതെ നടപടിക്രമങ്ങൾ നേരത്തെ ആരംഭിക്കുന്നതാണ് നല്ലത്. മറ്റ് സേവനങ്ങൾക്കും നേരത്തെ നടപടികൾ ആരംഭിക്കുന്നതാണ് നിലവിലെ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ അഭികാമ്യം.
'99 ശതമാനം കേസുകളും ഒമിക്രോൺ മൂലം'
മസ്കത്ത്: രാജ്യത്തെ കോവിഡ് കേസുകളിൽ 99 ശതമാനവും ഒമിക്രോൺ മൂലമാണെന്ന് ലാബോറട്ടറി പരിശോധനകളിൽ നിന്ന് വ്യക്തമായതായി ആരോഗ്യമന്ത്രാലയത്തിലെ പകർച്ചവ്യാധി തടയൽ വിഭാഗം ഡയറക്ടർ അമൽ ബിൻത് സൈഫ് അൽ മാനി. കേസുകൾ വർധിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ടന്നും അവർ മുന്നറിയിപ്പ് നൽകി.
രോഗം എല്ലാ ഗവർണറേറ്റുകളിലും വ്യാപിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ചില ഗവർണറ്റേുകളിൽ മാത്രമായിരുന്ന രോഗം പടർന്നിരുന്നത്. ചില ഗവർണറേറ്റുകളിൽ 25 ശതമാനം പേർക്കും രോഗലക്ഷണങ്ങളുള്ളതായാണ് പോസിറ്റിവ് റിസൽട്ടിന്റെ ശതമാനം വ്യക്തമാക്കുന്നത്. ബൂസ്റ്റർ ഡോസുകൾ എടുക്കുന്നത് രോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ 80 ശതമാനം കുറക്കാൻ സഹായകമാവും. അതിനാൽ ഹൃദയ സംബന്ധമായ അസുഖമുള്ളവരും 60 കഴിഞ്ഞവരും ഉടൻ ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.