കോവിഡ് ഭീതി ഒഴിയുന്നു: കളി മൈതാനങ്ങൾ സജീവമായി തുടങ്ങി
text_fieldsസുഹാർ: കോവിഡ് വ്യാപനത്തിെൻറ തോതും മരണനിരക്കും ക്രമാതീതമായി കുറഞ്ഞതിെൻറ ഫലമായി ജനങ്ങളിൽ ആശങ്ക നീങ്ങിത്തുടങ്ങി. വെള്ളിയാഴ്ച്ച തോറും വിദേശികൾ കൂട്ടം ചേർന്ന് കളിക്കാറുള്ള ക്രിക്കറ്റ്,ഫുട്ബാൾ, വോളിബാൾ, ബാഡ്മിൻറൺ കളികളുമായി ഗ്രൗണ്ടുകൾ സജീവമായിട്ടുണ്ട്. പ്രഭാത സവാരിയും പഴയ നിലയിലേക്ക് മാറിവരുന്നുണ്ട്. പാർക്കുകളിലും ബീച്ചുകളിലുമെല്ലാം തിരക്കുണ്ട്.
വളരെ പ്രയാസത്തിലായിരുന്ന മേഖലയായിരുന്നു ഫിറ്റ്നസ് സെന്ററുകൾ. വാക്സിൻ സ്വീകരിച്ച് ജിമ്മുകളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കർശനമായ പ്രോട്ടോകോൾ പ്രകാരമാണ് പ്രവേശനം എങ്കിലും ആളുകൾ എത്തുന്നത് ഭീതി ഒഴിഞ്ഞതിെൻറ ലക്ഷണമാണെന്ന് ഫലജിൽ ലെജെൻഡ് ഫിറ്റ്നസ് സെൻറർ നടത്തുന്ന സിറാജ് കാക്കൂർ പറയുന്നു.
സ്പോർട്സ് ഉപകരണങ്ങൾ, ജഴ്സി, വ്യായാമ സാമഗ്രികൾ തുടങ്ങിയവ വിൽക്കുന്ന കടകളിൽ കോവിഡ് കാലത്ത് വളരെ മോശമായിരുന്നു വിൽപന. പുറത്തുപോയി കളിക്കാനുള്ള വിലക്ക് കാരണം സ്റ്റോക്ക് ചെയ്ത സാധനങ്ങൾ അങ്ങനെ തന്നെ കിടക്കുകയായിരുന്നു. ടർഫ് തുറക്കുകയും സ്കൂൾ തുറക്കാൻ പോകുകയും മറ്റു കളികൾ ആരംഭിക്കുക കൂടി ചെയ്തതോടെ കച്ചവടത്തിൽ പതിയെ മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെന്ന് സുഹാറിലും സഹമിലും സ്പോർട്സ് കട നടത്തുന്ന പൊന്നാനി സ്വദേശി ബാദുഷ പറയുന്നു. ട്രോഫിയിലും മെമേന്റാകളിലും പേരുകൾ ആലേഖനം ചെയ്തു നൽകുന്ന ജോലി കൂടി ചെയ്യുന്ന സ്ഥാപനം മാച്ചുകളും മത്സരങ്ങളും നടക്കാത്തത് കാരണം പ്രതിസന്ധിയിലാണെന്ന് ബാദുഷ പറയുന്നു. ഫലജ് മുതൽ മുസന്ന വരെ സ്ഥാപനങ്ങൾ ഉണ്ടായിരുന്ന ബാദുഷയുടെ നിരവധി ഷോപ്പുകൾ നിർത്തലാക്കി.
തയ്യൽ മേഖലയും ഉണർവിെൻറ പാതയിലാണ്. സ്കൂൾ യൂനിഫോം ജോലികൾ വന്നു തുടങ്ങുന്നതോടെ നിലവിലെ പ്രശ്നങ്ങൾ മാറുമെന്ന് സഹമിലെ പഴയകാല ടെയ്ലർ രാജു പറയുന്നു. ഒറ്റപ്പെട്ട യൂനിഫോമുകൾ വന്നു തുടങ്ങിട്ടുണ്ടെങ്കിലും പഴയ സീസൺ പോലെ ആകാൻ സമയമെടുക്കും.
ഹോട്ടലുകൾക്കും കോഫീ ഷോപ്പുകൾക്കുമായിരുന്നു നിയന്ത്രണങ്ങളേറെ. രാവേറെ തുറന്നിരിക്കുന്ന ഭക്ഷണശാലകൾ ഒമാെൻറ മുഖമുദ്രയായിരുന്നു. നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെഹോട്ടൽ വ്യാപാരം മെച്ചപ്പെട്ടതായി അദ്വാ സഹം റസ്റ്റാറൻറ് ഉടമ റഈസ് അമ്പലത്തിൽ പറയുന്നു. ഹോം ഡെലിവറിക്കായി നിരവധി പേര് വിളിക്കുന്നുണ്ട്. ജുമുഅ നമസ്കാരം അനുവദിച്ച് സ്കൂളും തുറക്കുന്നതോടെ ജനജീവിതം സാധാരണ ജീവിതത്തിലേക്ക് മടങ്ങും എന്നാണ് കരുതുന്നുതെന്നും റഈസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.