കോവിഡ്: ആശങ്ക മാറാതെ പ്രവാസികൾ നിയന്ത്രണങ്ങൾ വന്നേക്കുമെന്ന് ഭീതി
text_fieldsസൊഹാർ: കോവിഡ് വ്യപനതോത് ഉയരുന്നതും പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം മേഖലയിൽ റിപ്പോർട്ട് ചെയ്തതും പ്രവാസികളിൽ ഉയർത്തുന്ന ആശങ്ക ചില്ലറയല്ല. രാജ്യത്ത് ഏതുനിമിഷവും കോവിഡ് നിയന്ത്രണങ്ങൾ വന്നേക്കാമെന്ന പരിഭ്രാന്തി പ്രവാസികളെ പിടികൂടിയിട്ട് ദിവസങ്ങളായി. നാട്ടിൽ പോകാൻ തയാറെടുത്തവർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കിയത് മറ്റൊരു പ്രഹരമായാണ് പ്രവാസികൾ കാണുന്നത്. ഇന്ത്യയിലെ കൊറോണ വ്യാപനം രാജ്യാന്തര സർവിസുകൾക്ക് നിയന്ത്രണം വന്നേക്കാം എന്ന തോന്നലിൽ പലരും യാത്ര മാറ്റിവെച്ചിരിക്കുകയാണ്. കേരളത്തിൽ ഒമിക്രോൻ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചില ഗൾഫുരാജ്യങ്ങൾ നിയന്ത്രണങ്ങളുമായി മുന്നോട്ടുവന്നേക്കാം എന്ന് ട്രാവൽ രംഗത്തുള്ളവർ പറയുന്നു.
ഇതിനിടെ കച്ചവടക്കാരും പ്രയാസത്തിലാണ്. ഒമാനിൽ കൊറോണ വ്യാപനം രൂക്ഷമായ കാലത്ത് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സമയക്രമം നിശ്ചയിക്കുകയും ചെയ്തിരുന്നു. അന്ന് സംഭവിച്ച നഷ്ടങ്ങൾ വളരെ വലുതാണ്. ജോലി നഷ്ടപ്പെട്ടും സ്ഥാപനങ്ങൾ തുറക്കാൻകഴിയാതെ ദുരിതത്തിലായും നിരവധി പ്രവാസികളാണ് രാജ്യം വിട്ടത്. സ്റ്റോക്ക് ചെയ്ത സാധനങ്ങൾ വിൽക്കാൻ കഴിയാതെ ഡേറ്റ് കഴിഞ്ഞുപോയതും നശിച്ചുപോയതും ഏറെയാണ്. ഇപ്പോൾ സാധങ്ങൾ സ്റ്റോക്ക് ചെയ്യാൻ പേടിയാണെന്ന് വിതരണ രംഗത്ത് പ്രവർത്തിക്കുന്ന തിരൂർ സ്വദേശി സാദിഖ് പറയുന്നു. തുണി, ചെരുപ്പ്, റെഡിമെയിഡ്, ഹോട്ടൽ, കോഫീ ഷോപ്, ടൈലറിങ്, ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിങ്ങനെ നിരവധി മേഖലകളിൽ വൻ സാമ്പത്തിക ബാധ്യതയാണ് കോവിഡ്വ്യാപന കാലയളവിൽ ഉണ്ടായത്.
രാജ്യം കടുത്ത നിയന്ത്രണത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം പത്തിൽ താഴെ എത്തിച്ചതിൽ ആശ്വസിക്കുമ്പോഴാണ് വീണ്ടും വർധിച്ച് മൂന്നക്കത്തിൽ എത്തിയത്. ആശങ്കയുണ്ടെങ്കിൽപോലും രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങില്ല എന്നുതന്നെയാണ് കരുതുന്നത്. പാർക്കും ബീച്ചും മാളുകളും കളിസ്ഥലങ്ങളും ഇപ്പോഴും സജീവമാണ്. ഹോട്ടലുകളിലും കോഫീഷോപ്പുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. തണുപ്പ് തുടങ്ങിയതോടെ ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ വോളിബാൾ ടൂർണമെന്റുകളും സജീവമായിട്ടുണ്ട്. സൊഹാറിലെ പാർക്കിൽ വോളിബാൾ കളി തുടരുന്നുണ്ടെന്ന് കോച്ച് മണി പറഞ്ഞു. അതുപോലെതന്നെ കോവിഡ് നിയന്ത്രണം പാലിച്ച് ഫാം ഹൗസുകളും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.