കോവിഡ് നിയന്ത്രിക്കാനായില്ലെങ്കിൽ പഴം–പച്ചക്കറികൾക്ക് ക്ഷാമം
text_fieldsമസ്കത്ത്: ലോക രാജ്യങ്ങളിലെ കോവിഡ് ബാധ ഏതാനും മാസങ്ങൾക്കുള്ളിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ജനുവരിയോടെ ചിലയിനം പഴം-പച്ചക്കറികൾക്ക് ക്ഷാമം നേരിടാൻ സാധ്യത. നിലവിൽ ഒമാനിൽ പഴം-പച്ചക്കറി ഇനങ്ങൾക്ക് ക്ഷാമമില്ല. എല്ലാം സുലഭമാണ്. എന്നാൽ, കോവിഡ് നിലവിലെ സ്ഥിതിയിൽ തന്നെ പോകുന്ന പക്ഷം ഡിസംബർ മുതലേ ചിലയിനം പച്ചക്കറികൾ കിട്ടാതെയായി തുടങ്ങും.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കാർഷിക ജോലി ചെയ്യാൻ ആളെ കിട്ടാത്തതും കൃഷി കാര്യങ്ങൾ സമയക്രമത്തിൽ ചെയ്യാൻ കഴിയാത്തതുമൊക്കെയാണ് ഉൽപാദനം കുറയാൻ കാരണമാവുക. ഇന്ത്യയിൽ കോവിഡ് വ്യാപനം കുറഞ്ഞില്ലെങ്കിൽ പുണെ അടക്കം ഭാഗങ്ങളിലെ കാർഷിക ഉൽപാദനത്തെ സാരമായി ബാധിക്കും. ഇത് ഒമാനിലേക്കുള്ള ഇറക്കുമതിയെയും ബാധിക്കുമെന്ന് സൂഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു.ഉൽപാദനം കുറയുന്ന പക്ഷം തക്കാളി, കാബേജ്, വാഴപ്പഴം, ആപ്പിൾ, ഒാറഞ്ച് ഇനങ്ങൾ തുടങ്ങിയ ഇനങ്ങൾക്കാണ് ക്ഷാമം നേരിടുക. ജോർഡൻ, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറി- പഴവർഗങ്ങളുടെ ലഭ്യതയും കുറയും.
നിലവിൽ ഇന്ത്യയിൽനിന്ന് ആവശ്യത്തിന് പഴവർഗങ്ങൾ എത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ദിനേന വിമാന സർവിസുകൾ ഇല്ലാത്തതാണ് കാരണം. കേരളത്തിൽനിന്ന് ആഴ്ചയിൽ മൂന്നു വിമാനങ്ങളാണ് നിലവിലുള്ളത്. അതിനാൽ കേരളത്തിൽ നിന്ന് ഏത്തപ്പഴം അടക്കമുള്ളവ ദിവസവും എത്തിക്കാൻ കഴിയുന്നില്ലെന്ന് അബ്ദുൽവാഹിദ് പറഞ്ഞു. ഇന്ത്യൻ മാങ്ങയുടെ സീസണാണിത്. എന്നാൽ, കയറ്റിറക്കിനും മറ്റും തൊഴിലാളികളെ കിട്ടാത്തതും ഗതാഗത പ്രശ്നങ്ങളും കാരണം മാങ്ങ സുലഭമായി മാർക്കറ്റിലെത്തിയിട്ടില്ല. ഇന്ത്യയിൽ ചരക്ക് ഗതാഗതത്തിന് വാഹനം കിട്ടാത്ത അവസ്ഥയുണ്ട്. കിട്ടുന്നവർ മൂന്നിരട്ടി നിരക്കാണ് ഇൗടാക്കുന്നത്. സാധാരണ സീസണിൽ ഇന്ത്യയിൽനിന്ന് 18 ഇനം മാങ്ങകൾ എത്താറുണ്ട്. ഇൗ വർഷം 12 ഇനം മാത്രമാണ് എത്തിയത്. ഇവ എത്തുന്ന അളവിലും കുറവുണ്ട്. സാധാരണ സീസണിൽ സുലഭമായി മാങ്ങ എത്തുന്നതോടെ വിലയും കുറയാറുണ്ട്. സീസണിൽ കൂടുതൽ മാങ്ങ എത്തുന്നതോടെ വില രണ്ടര റിയാൽ വരെ എത്താറുണ്ട്. എന്നാൽ, ഇൗ വർഷം സാധാരണ വിലയായ നാലര റിയാലിൽ തന്നെയാണുള്ളതെന്നും അബ്ദുൽവാഹിദ് പറഞ്ഞു. നിലവിലെ സീസണിലെ ഉൽപന്നമായ മുന്തിരിയും ഇന്ത്യയിൽ നിന്നെത്തിക്കാൻ ചെലവ് വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിൽ പല പഴ-വർഗങ്ങളും സുലഭമായി ലഭിക്കുന്നത് മേയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ്. പലതിെൻറയും സീസൺ തുടങ്ങുന്നതേയുള്ളൂ.
വില കുറഞ്ഞ പാകിസ്താൻ മാങ്ങ അടുത്ത മാസം മുതലാണ് സുലഭമാവുക. ഹോട്ടലുകൾ പ്രവർത്തിക്കാത്തതിനാലും ഇഫ്താർ സംഗമങ്ങൾ ഇല്ലാത്തതിനാലും പഴവർഗങ്ങളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്ന് അബ്ദുൽവാഹിദ് പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ 30 ശതമാനത്തിലധികം വിൽപനയാണ് കുറവെന്നും ഇേദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.