കോവിഡ്: ഒമാനിൽ 34 പേർ കൂടി മരിച്ചു
text_fieldsമസ്കത്ത്: കോവിഡിനെ തുടർന്ന് ഒമാനിൽ 34 പേർ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 2816 ആയി ഉയർന്നു. 2047 പേർ കൂടി പുതുതായി രോഗബാധിതരായി. 2,54,656 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1094 പേർക്ക് കൂടി രോഗം ഭേദമായി. 2,22,344 പേരാണ് ഇതുവരെ രോഗമുക്തരായത്. 87.3 ശതമാനമാണ് രോഗമുക്തി നിരക്ക്. 203 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1531 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 445 പേരും തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
കോവിഡിനെതിരായ പോരാട്ടത്തിന് കരുത്തുപകരാൻ സ്വദേശികളും വിദേശികളും വാക്സിനേഷന് വിധേയരാകണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. വാക്സിനേഷൻ നിർബന്ധമാക്കുകയോ ആരുടെമേലും അടിച്ചേൽപ്പിക്കുകയോ ഇല്ല. സാമൂഹിക പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ വാക്സിനേഷന് വിധേയരാകണം. പ്രതിദിനം 30,000ത്തിലധികം പേർക്കാണ് ഒമാനിൽ കോവിഡ് വാക്സിൻ നൽകുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 7.40 ലക്ഷം പേർക്ക് ഇതിനകം വാക്സിൻ നൽകിയിട്ടുണ്ട്. ഇതിൽ രണ്ടുലക്ഷം പേർക്ക് രണ്ടു ഡോസും നൽകിയിട്ടുണ്ട്. ജൂൺ അവസാനത്തോടെ പുതിയ മുൻഗണന പട്ടികയിലടക്കം 15 ലക്ഷം പേർക്ക് വാക്സിൻ നൽകാനാണ് ഒമാൻ ലക്ഷ്യമിടുന്നത്.
കോവിഡ് മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ നടപടികൾ തുടർച്ചയായ മൂന്നാം ദിനവും തുടരുകയാണ്. തെക്ക്, വടക്ക് ബാത്തിന ഗവർണറേറ്റുകളിലായി ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ഗവൺമെന്റ് കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. അൽ ബുറൈമി ഗവർണറേറ്റിൽ ഷോപ്പിങ് സെൻററിന് പിഴ ചുമത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.