കോവിഡ്: പ്രതിദിന രോഗികൾ 200ൽ താഴെ; മരണം 4000 പിന്നിട്ടു
text_fieldsമസ്കത്ത്: ഒമാനിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മാസങ്ങളുടെ ഇടവേളക്കുശേഷം 200ൽ താഴെയെത്തി. 173 പേരാണ് പുതുതായി രോഗബാധിതരായത്. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 300581 ആയി. എട്ട് പേർ കൂടി മരിച്ചതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 4007 ആയി ഉയർന്നു. 220 പേർക്ക് കൂടി രോഗം ഭേദമായി. 288922 പേരാണ് ഇതുവരെ രോഗമുക്തരായത്. 24 പേരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 239 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 98 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
രാജ്യത്ത് വിദേശികൾക്കായി സൗജന്യ വാക്സിനേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് ഇതിനായുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ബാർബർമാർ, ബ്യൂട്ടി സലൂൺ ജീവനക്കാർ, മറ്റ് കുറഞ്ഞ വരുമാനക്കാർ തുടങ്ങിയവർക്കാണ് സൗജന്യ വാക്സിൻ നൽകുക. എല്ലാ വിലായത്തുകളിലും ബന്ധപ്പെട്ട മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
മസ്കത്ത് ഗവർണറേറ്റിൽ അവിദഗ്ധ തൊഴിലാളികൾക്കായി രണ്ടിടത്ത് വാക്സിനേഷൻ നടന്നുവരുന്നതായി മസ്കത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. മസ്കത്ത് നഗരസഭയുമായി ചേർന്ന് മത്ര വിലായത്തിലെ സബ്ലത്ത് മത്രയിലും സീബ് വിലായത്തിലെ ഷറാദിയിലുമാണ് ക്യാമ്പുകൾ നടക്കുന്നത്.
അതിനിടെ ബുറൈമി ഗവർണറേറ്റിൽ വിദേശ തൊഴിലാളികളുടെ സൗജന്യ വാക്സിനേഷൻ പൂർത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനാൽ വരുംദിവസങ്ങളിൽ ഇവിടെ സൗജന്യ വാക്സിൻ ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.