കോവിഡ്: പ്രതിദിന മരണനിരക്കിൽ പുതിയ റെക്കോഡ്
text_fieldsമസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് 35 പേർ കൂടി മരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2626 ആയി. 2015 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 2,42,723 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 744 പേർക്ക് കൂടി രോഗം ഭേദമായി. 2,13,880 പേരാണ് ഇതിനകം രോഗമുക്തരായത്. 88.1 ശതമാനമാണ് രോഗമുക്തി നിരക്ക്. 26,217 പേരാണ് ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്. 182 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1306 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 382 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
ഇതു തുടർച്ചയായ രണ്ടാം തവണയാണ് 30നു മുകളിൽ പ്രതിദിന മരണം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 33 പേർ മരണപ്പെട്ടിരുന്നു. പുതിയ രോഗികളിൽ 944 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. സീബ്-300, മസ്കത്ത്-236, ബോഷർ -211, മത്ര-166, അമിറാത്ത്-25, ഖുറിയാത്ത്-ആറ് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. രണ്ടാമതുള്ള വടക്കൻ ബാത്തിനയിലെ 395 രോഗികളിൽ 244 പേരും സുഹാറിലാണുള്ളത്. തെക്കൻ ബാത്തിന-194, തെക്കൻ ശർഖിയ-100, അൽ ബുറൈമി-75, ദോഫാർ-75, ദാഖിലിയ -72, വടക്കൻ ശർഖിയ- 66, ദാഹിറ-66, അൽ വുസ്ത-25 മുസന്ദം-മൂന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
പ്രവാസികളിൽ ആധി വളർത്തുന്ന രീതിയിലാണ് രോഗ വ്യാപനത്തിനൊപ്പം മരണസംഖ്യയും കുതിക്കുന്നത്. രോഗം ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ ഉയർന്ന ചികിത്സാ ചെലവ് ബാധ്യതയായി മാറുകയാണ്. ചികിത്സാ ചെലവ് വഹിക്കാൻ കഴിയുന്ന സാമ്പത്തിക ശേഷിയുള്ളവരല്ല പലരുടെയും സ്പോൺസർമാർ. കോവിഡ് ഇൻഷുറൻസ് പരിരക്ഷ പല കമ്പനികളും നിർത്തലാക്കുകയും ചെയ്തു. കോവിഡ് ബാധിതൻെ റ താമസവും പലപ്പോഴും പ്രശ്നമായി മാറാറുണ്ട്. എന്നിരുന്നാലും കൂടെ താമസിക്കുന്നവർ കൂടെയുള്ളവരെ സംരക്ഷിക്കാൻ വിമുഖത കാണിക്കുന്നില്ലെന്നത് ആശ്വാസകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.