കോവിഡ് മുൻകരുതൽ ലംഘനം: മലയാളിയടക്കം 12 പേർക്ക് തടവും പിഴയും
text_fieldsമസ്കത്ത്: കോവിഡ് മുൻകരുതലുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചവർക്ക് വിവിധ ഗവർണറേറ്റുകളിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികൾ തടവും പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ലഭിച്ചവരിൽ ഒരു മലയാളിയടക്കം എട്ടുപേർ വിദേശികളാണ്. ഇവരുടെയെല്ലാം ചിത്രങ്ങൾ കഴിഞ്ഞ ദിവസം പബ്ലിക് പ്രോസിക്യൂഷൻ പ്രസിദ്ധീകരിച്ചു.
ഹോം ക്വാറൻറീൻ നിയമം ലംഘിച്ചതിന് മലയാളിയായ നിജുകുമാർ വാസുദേവൻ നായർക്ക് ഒരു മാസം തടവും 100 റിയാൽ പിഴയുമാണ് ശിക്ഷ വിധിച്ചത്. മസ്കത്ത്, ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളാണ് ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ അറിയിച്ചു. രാത്രി സഞ്ചാരവിലക്ക് ലംഘിച്ചതിന് ഒരു സ്വദേശിക്ക് മൂന്ന് മാസം തടവുശിക്ഷ വിധിച്ചു.
ഇയാൾ 15 ദിവസം ശിക്ഷയനുഭവിച്ചാൽ മതിയാകും. നാല് ബംഗ്ലാദേശ് സ്വദേശികൾക്ക് 1000 റിയാൽ പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. ഇതിൽ രണ്ടുപേർ മുന്നൂറ് റിയാലും രണ്ടുപേർ അഞ്ഞൂറ് റിയാലും പിഴയടച്ചാൽ മതിയെന്ന് കോടതി അറിയിച്ചു. ബംഗ്ലാദേശ് സ്വദേശികളെ പിഴയടച്ചതിനുശേഷം നാടു കടത്തുകയും ചെയ്യും. അനധികൃത ഒത്തുചേരലിന് മൂന്ന് സ്വദേശികൾക്കും മൂന്ന് താൻസനിയൻ സ്വദേശികൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്.
മൂന്ന് സ്വദേശികൾക്ക് ഒരു മാസം തടവും 1000 റിയാൽ പിഴയുമാണ് ശിക്ഷ. ഇവർ 120 റിയാൽ പിഴയടച്ചാൽ മതിയാകും. താൻസനിയക്കാരായ യുവാവിനും യുവതിക്കും ഒരു മാസം തടവും 1000 റിയാൽ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇവരും 120 റിയാൽ വീതം അടച്ചാൽ മതി.മൂന്നാമത്തെ താൻസനിയൻ സ്വദേശിനിക്ക് 1000 റിയാൽ പിഴയാണ് ശിക്ഷ. ഇവർ 150 റിയാലാണ് അടക്കേണ്ടത്.
വാരാന്ത്യത്തിൽ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധനകളാണ് പൊലീസ് നടത്തിയത്. റൂവി എം.ബി.ഡി മേഖലയിൽ വാദിയിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന പത്തിലധികം വരുന്ന ഏഷ്യൻ വംശജരായ യുവാക്കളെ സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ഇവർ ക്രിക്കറ്റ് കളിക്കാനെത്തിയത്. വൈകാതെ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി. വൈകീട്ട് നാലുമണിയോടെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. എ.ടി.എമ്മുകൾ, കഫറ്റീരിയകൾ തുടങ്ങി വാരാന്ത്യങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.പലയിടത്തുനിന്നും പൊലീസ് ആളുകളെ പിരിച്ചുവിടുന്നതും കാണാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.