കുതിച്ചുയർന്ന് കോവിഡ്; 121 പേർക്കുകൂടി രോഗബാധ, ഒരാൾകൂടി മരിച്ചു
text_fields
മസ്കത്ത്: ആശങ്കയുയർത്തി കോവിഡ് കേസുകൾ മുകളിലേക്ക്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 121 പേർക്കുകൂടി (വ്യാഴാഴ്ച 43, വെള്ളിയാഴ്ച 31, ശനിയാഴ്ച 47) കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഒരാൾകൂടി മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,114 ആയി ഉയർന്നു. ഒന്നര മാസത്തിന് ശേഷമാണ് രാജ്യത്ത് കോവിഡ് മരണം സംഭവിക്കുന്നത്. നവംബർ എട്ടിനായിരുന്നു രാജ്യത്ത് ഇതിനു മുമ്പ് കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. മഹാമാരി പിടിപെട്ടവരുടെ എണ്ണം 3,05,105 ആയി ഉയർന്നു. ഞായറാഴ്ച 56 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 3,00,291 ആളുകളാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നുപേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 13 ആയി ഉയർന്നു. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഡിസംബർ അവസാന 10 ദിവസത്തെ കണക്കുപ്രകാരം 322 ആളുകൾക്കാണ് മഹാമാരി പിടിപെട്ടത്. 150 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളും മറ്റും ആളുകൾ സംഘടിക്കുന്നത് ദിവസങ്ങൾക്കു മുമ്പ് ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റി വിലക്കിയിരുന്നു. പുതിയ വകഭേദമായ ഒമിക്രോൺ ഇതുവരെ 17 പേർക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയ വകഭേദത്തിന് അതിവ്യാപനശേഷിയുണ്ടെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ നൽകുന്ന മുന്നറിയിപ്പ്. ഒരുപക്ഷേ, വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് ഒമിക്രോൺ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. ഇതിനെതിരെ ശക്തമായ മുൻകരുതൽ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. വാക്സിൻ വിതരണവും വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായി നടക്കുന്നുണ്ട്. പലയിടത്തും വിദേശികളടക്കമുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ ഒരുക്കിയാണ് കുത്തിവെപ്പ് നൽകുന്നത്. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് അനുഗ്രഹമാണ് ഇത്തരം കേന്ദ്രങ്ങൾ.
സിസംബർ 21 വരെ 55,085 ആളുകളാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ രണ്ടു ശതമാനമാണിത്. 31,23,613 ആളുകൾ ഒന്നാംഡോസ് വാക്സിനുമെടുത്തു. ആകെ ജനസംഖ്യയുടെ 93 ശതമാനം വരുമിത്. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ 86 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 28,98,331 ആളുകളാണ് രണ്ട് ഡോസും എടുത്തിരിക്കുന്നത്. ആകെ 60,77,029 ആളുകൾക്കാണ് വാക്സിൻ നൽകിയത്. മഹാമാരിക്കെതിരെയുള്ള പ്രതിരോധം ഊർജിതമാക്കുന്നതിെൻറ ഭാഗമായി ബൂസ്റ്റർ ഡോസിെൻറ ഇടവേള മൂന്നു മാസമായി ആരോഗ്യ വകുപ്പ് കുറച്ചിട്ടുണ്ട്. നേരത്തെ രണ്ട് ഡോസെടുത്ത് ആറുമാസം കഴിഞ്ഞവർക്കേ മൂന്നാം ഡോസെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. രാജ്യത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. ഏതു വാക്സിനെടുത്തവർക്കും മൂന്നാം ഡോസായി ഫൈസർ-ബയോൺടെക്കാണ് നൽകുന്നത്. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കണമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.