കോവിഡ്: പ്രതിദിന കേസുകൾ നൂറു കടന്നു; രണ്ടുപേർകൂടി മരിച്ചു
text_fieldsമസ്കത്ത്: മാസങ്ങൾക്കുശേഷം പ്രതിദിന കേസുകൾ നൂറു കടന്ന് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടുപേർ മരിച്ചു. ഇതോടെ ഈമാസം മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. രാജ്യത്ത് ആകെ 4,116 ആളുകളാണ് ഇതുവരെ മരിച്ചത്. 3,05,357 പേർക്ക് അസുഖം ഭേദമായി. കഴിഞ്ഞ ദിവസം14പേർ രോഗമുക്തി നേടി. അസുഖം ഭേദമായവരുടെ എണ്ണം ഇതോടെ 3,00,355 ആയി ഉയർന്നു. നാലുപേരെകൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. ഇതിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ രാജ്യത്ത് 886 പേരാണ് കോവിഡ് ബാധിതരായി കഴിയുന്നത്.
ഈമാസം 29വരെ 803 ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. അസുഖം ഭേദമായത് 350പേർക്ക് മാത്രമാണ്. ഡിസംബറിെൻറ തുടക്കത്തിൽ രണ്ടുപേർ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. അതേസമയം, ദിനേനയുള്ള കോവിഡ് കേസുകൾ ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്. അടച്ചുപൂട്ടുന്നതടക്കമുള്ള തീരുമാനത്തിലേക്ക് നീങ്ങില്ലെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, അത്തരം സാഹചര്യം വരുകയാണെങ്കിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അറിയിച്ചിരുന്നു. നിലവിൽ 16 പേർക്ക് പുതിയ വകഭേദമായ ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്. 90പേർക്ക് ഒമിക്രോൺ ബാധിച്ചതായും സംശയമുണ്ട്. അതേസമയം, കോവിഡിനെതിരെ ഊർജിതമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളിലും മറ്റും ആളുകൾ സംഘടിക്കുന്നത് കോവിഡ് അവലോകന സുപ്രീംകമ്മിറ്റി വിലക്കിയിട്ടുണ്ട്. വാക്സിൻ വിതരണവും വിവിധ ഗവർണറേറ്റുകളിൽ നടക്കുന്നുണ്ട്. പലയിടത്തും വിദേശികളടക്കമുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ ഒരുക്കിയാണ് കുത്തിവെപ്പ് നൽകുന്നത്. 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്. നിലവിൽ സർക്കാർ ആശുപത്രികളിൽനിന്ന് സ്വദേശികൾക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. എന്നാൽ, ഒന്നും രണ്ടും ഡോസ് വിദേശികൾക്ക് എടുക്കാവുന്നതാണ്. രാജ്യത്ത് ആകെ 95,277 പേരാണ് മൂന്നാമത് ഡോസ് വാക്സിനെടുത്തത്. വിദേശികളില്‍ 90 ശതമാനവും ആദ്യ ഡോസ് വാക്സിനെടുത്തു. 83 ശതമാനം രണ്ടു ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിച്ചവരാണ്. സ്വദേശികളും വിദേശികളുമായി 2,30,000 പേര് ഇനിയും വാക്സിന് സ്വീകരിക്കാത്തവരായുണ്ട്. പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.