കോവിഡ് ന്യൂമോണിയ: രോഗിയെ എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsമസ്കത്ത്: കോവിഡ് ന്യൂമോണിയക്ക് ഒപ്പം ഗുരുതര ആരോഗ്യ സാഹചര്യങ്ങളുമുള്ള രോഗിയെ എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി. മസ്കത്തിലെ ആസ്റ്റർ അൽ റഫാ ആശുപത്രിയിൽ ചികിത്സയിലിരുന്ന 65 കാരനെ കോഴിക്കോട് മിംസിലേക്കാണ് കൊണ്ടുപോയത്.
കോവിഡ് ന്യുമോണിയ ബാധിച്ച് രക്തത്തിലെ ഓക്സിജൻ നില 80 ആയ നിലയിലാണ് രോഗിയെ ആസ്റ്റർ അൽ റഫയിൽ പ്രവേശിപ്പിച്ചതെന്ന് സ്പെഷലിസ്റ്റ് ഫിസിഷ്യനായ ഡോ.ദിലീപ് അബ്ദുൽ ഖാദർ പറഞ്ഞു. ഉറക്കത്തിൽ ശ്വാസതടസ്സം, ഹൃദ്രോഗം, പ്രമേഹം, ഹൈപ്പർ ടെൻഷൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഓക്സിജൻ നില 90 ശതമാനം മാത്രമായിരുന്നതിനാൽ വീട്ടിൽ ഇദ്ദേഹം സി.പി.എ.പി മെഷീൻ ഉപയോഗിച്ചിരുന്നു. ഇതിനിടയിലാണ് കോവിഡ് ബാധിതനാകുന്നത്.
ഗുരുതര സാഹചര്യം കണക്കിലെടുത്ത് റെംഡെസിവിർ അടക്കം മരുന്നുകൾ നൽകുകയും 36 മണിക്കൂറിനു ശേഷം ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു. നില മെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്കു മാറ്റിയ ശേഷവും ഓക്സിജൻ നൽകുന്നത് തുടർന്നു. ന്യുമോണിയ രണ്ട് ശ്വാസകോശങ്ങളിലേക്ക് വ്യാപിച്ചതിനെ തുടർന്ന് അതിന് വേണ്ട ചികിത്സയും നൽകി. തുടർന്ന് ഒാക്സിജൻ സിലിണ്ടറുകളുടെ പിന്തുണയിൽ വീട്ടിലേക്ക് മാറ്റിയെങ്കിലും വീട്ടുകാർക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്നത് പ്രയാസകരമായി. തുടർന്നാണ് കോഴിക്കോട് മിംസിലേക്ക് മാറ്റുന്നത് ആലോചിച്ചത്.
പോർട്ടബിൾ വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് രോഗിയെ എയർ ആംബുലൻസിൽ കൊണ്ടുപോയത്. രോഗിയുടെ നില മെച്ചമായി വരുന്നതായും ആശുപത്രി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.