കോവിഡ്: മരണനിരക്ക് ഉയരുന്നു
text_fieldsമസ്കത്ത്: നിയന്ത്രണങ്ങൾക്കിടയിലും രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും മുകളിലോട്ടുതന്നെ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,410 ആളുകൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എട്ടുപേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,180 ആയി ഉയർന്നു. 3,54,597പേർക്കാണ് ഇതുവരെ മഹാമാരി പിടിപ്പെട്ടത്.
കഴിഞ്ഞ ദിവസം 2355 പേർക്ക് അസുഖം ഭേദമാകുകയു ചെയ്തു. 92.6 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,28,215പേർക്കാണ് ആകെ അസുഖം ഭേദമായത്. കഴിഞ്ഞ ദിവസം 103പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 402ആയി. ഇതിൽ 63പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 15,707 ആളുകൾക്കാണ് മഹാമാരി പിടിപ്പെട്ടത്. 13,065പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 34പേർ മരിക്കുകയും ചെയ്തു. അസുഖം ഭേദമാകുന്നവരുടെ എണ്ണത്തിലുള്ള വർധന ആശ്വാസം നൽകുന്ന കാര്യമാണ്.
എന്നാൽ, മരണ നിരക്കും ഹോസ്പിറ്റൽ വാസവും കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ജനുവരി 19മുതൽ കഴിഞ്ഞ ദിവസംവരെ ഒരു മരണമെങ്കിലും റിപ്പോർട്ട് ചെയ്യാതെ കടന്നുപോയിട്ടില്ല. ജനുവരിയിൽ 30 പേരാണ് മരിച്ചത്. ഡിസംബറിൽ മൂന്നും നവംബറിൽ രണ്ടും ആളുകൾ മാത്രമാണ് മരിച്ചിരുന്നത്. നിലവിൽ 22,202 ആളുകളാണ് സുൽത്താനേറ്റിൽ കോവിഡ് ബാധിതരായി കഴിയുന്നത്.
രാജ്യത്തെ കോവിഡ് കേസുകളിൽ 99 ശതമാനവും ഒമിക്രോൺ മൂലമാണെന്ന് കണ്ടെത്തിയിരുന്നു. കോവിഡിന്റെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിണ് വ്യാപനശേഷി കൂടുതലാെണന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
ഈയൊരു സാഹചര്യം മുന്നിൽ കണ്ടാണ് കോവിഡ് അവലോകന സുപ്രീം കമ്മിറ്റി ജനുവരി 21ന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ അധികൃതർ പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിരന്തരം വൃത്തിയാക്കുക, മുഖം, മൂക്ക്, വായ, കണ്ണുകൾ എന്നിവ അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുക, അത്യാവശ്യങ്ങൾക്ക് മാത്രം വീട്ടിൽനിന്ന് പുറത്തിറങ്ങുക, രോഗബാധിതർക്ക് പ്രത്യേക മുറിയും ടോയ്ലറ്റും ഒരുക്കുക, ഐസൊലേഷനിൽ കഴിയുന്നവർക്ക് മുറിക്കുപുറത്തുനിന്ന് സേവനം നൽകുക തുടങ്ങിയവ എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.