കോവിഡ്: ജാഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ്
text_fieldsമസ്കത്ത്: പ്രതിദിന രോഗികളുടെയും മരണത്തിെൻറയും എണ്ണം കൂടിയും കുറഞ്ഞുമിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത ൈകവിടുന്നത് കോവിഡിെൻറ വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ.
റമദാനിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത് കോവിഡ് കേസുകളുടെ എണ്ണം കുറച്ചിരുന്നു. ആയിരത്തിലേറെ കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്തിരുന്ന അവസ്ഥയിൽ മാറ്റം വന്ന് 600നും 900നും ഇടയിലാണ് കഴിഞ്ഞ ആഴ്ചയിലെ കേസുകളുടെ എണ്ണം.
ഇത് നിയന്ത്രണങ്ങളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, കേസുകൾ കുറയുകയും സഞ്ചാരവിലക്കിലും വ്യാപാര നിയന്ത്രണത്തിലും ഇളവു വരുത്തുകയും ചെയ്തതോടെ സൂഖുകളിലും മറ്റും ആളുകൾ ജാഗ്രത കൈവിടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇത് വീണ്ടും രോഗവ്യാപനത്തിന് വഴിവെക്കുമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നത്.
ഒാരോരുത്തരുടെയും സുരക്ഷ അവരവരുടെ കൈകളിൽ തന്നെയാണ്. അതിനാൽ മാസ്ക് ധരിക്കുകയും ഇടവിട്ട സമയങ്ങളിൽ കൈ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകുകയും ചെയ്യണം.
സാമൂഹിക അകലം കൃത്യമായി പാലിക്കുക, അനാവശ്യമായി വീട്ടിൽനിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കുക എന്നിവയും വളരെ പ്രധാനപ്പെട്ടതാണ് -ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധൻ പറഞ്ഞു. മരണനിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ മാറ്റം കാണാനായിട്ടില്ല. പത്തിനും പതിനഞ്ചിനും ഇടയിൽ ആളുകൾ ഓരോ ദിവസവും മരിക്കുന്നുണ്ട്. രോഗമുക്തി ചിലദിവസങ്ങളില രോഗികളെക്കാൾ കൂടുതലാണെങ്കിലും രോഗമുക്തി നിരക്ക് 92.5ന് താഴേക്ക് പോയിട്ടില്ല.
ജനസംഖ്യയുടെ വലിയ വിഭാഗത്തിന് വാക്സിനേഷൻ പൂർത്തിയാകുന്നതു വരെയെങ്കിലും ജാഗ്രത കൈവിടാതിരിക്കേണ്ടതുണ്ട്. വലിയ ഇളവുകൾ അനുവദിച്ച രാജ്യങ്ങളിലെല്ലാം വാക്സിനേഷൻ പലയിടങ്ങളിലും പ്രവേശിക്കാൻ നിബന്ധനയായി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ, യോഗങ്ങൾ, മറ്റു പരിപാടികൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ ചെയ്തിരിക്കണമെന്നത് നിർബന്ധമാണ്.
ഒമാനിൽ വാക്സിൻ വിതരണം വേഗത്തിലാവുക അടുത്ത മാസത്തോടെയാണ്. 15 ലക്ഷം ഡോസ് വാക്സിൻ ജൂണിൽ വിതരണം ചെയ്യുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ചൈന സ്വന്തം പൗരന്മാർക്ക് നൽകാൻ അവരുടെ തന്നെ വാക്സിൻ രാജ്യത്തെത്തിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ 70 ശതമാനം പേരുടെ കുത്തിവെപ്പ് പൂർത്തിയാകുമെന്നാണ് ആരോഗ്യ വകുപ്പിെൻറ വാഗ്ദാനം. ഇത് പൂർത്തിയായാൽ മാത്രമേ രാജ്യം ഒരുപരിധി വരെയെങ്കിലും സാധാരണ നിലയിലാവൂ. അതുവരെ ജാഗ്രത കൈവിടാതിരിക്കുക എന്നതു മാത്രമാണ് വഴി.
ഗുണനിലവാരമില്ലാത്ത മാസ്ക് നിരോധിച്ചു
മസ്കത്ത്: ഗുണനിലവാരമില്ലാത്ത മാസ്ക്കിെൻറ വിതരണം ആരോഗ്യ മന്ത്രാലയം തടഞ്ഞു. പൊടിയും മാലിന്യങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് ഒരു കമ്പനിയുടെ മാസ്ക് വിതരണം തടഞ്ഞതെന്ന് അധികൃതർ അറിയിച്ചു. കമ്പനിയുടെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സാങ്കേതിക പരിശോധനയിലാണ് ഈ മാസ്ക്കിൽ പൊടിയും മറ്റും കണ്ടെത്തിയത്. മാസ്ക് വിൽക്കുന്നതും ഉപയോഗിക്കുന്നതും തടഞ്ഞ് കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് ഗുണനിലവാരമില്ലാത്തത് ശ്രദ്ധയിൽപെട്ടാൽ med-device@moh.gov.om എന്ന ഇ-മെയിലിൽ അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.