കോവിഡ്: നിരവധി ചെറുകിട സ്ഥാപനങ്ങളുടെ ഷട്ടറുകൾ അടഞ്ഞുതന്നെ
text_fieldsമസ്കത്ത്: കോവിഡ് കാലത്ത് രൂക്ഷമായ പ്രതിസന്ധിയിൽപെട്ട് ഷട്ടർ വീണ കടകൾ പലതും ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുന്നു. സാമ്പത്തിക പ്രതിസന്ധി നിമിത്തം വാടക നൽകാൻ കഴിയാത്തതടക്കമുള്ള കാരണങ്ങളാൽ സ്ഥാപനം ഉപേക്ഷിച്ചുപോയവരും വ്യാപാരം അവസാനിപ്പിച്ചവരും നിരവധിയാണ്. ഇവരിൽ അധികവും മലയാളികളാണ്. പ്രധാന നഗരങ്ങളുടെ കണ്ണായ സ്ഥലങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളും ഇൗ ഗണത്തിൽപെടും.
കോവിഡ് പ്രതിസന്ധിക്ക് മാസങ്ങൾ മുമ്പുവരെ പതിനായിരം റിയാൽ വരെ മുൻകൂറായി ലഭിച്ചിരുന്ന നഗരഹൃദയ ഭാഗത്തുള്ള കടകളിലാണ് ഇപ്പോഴും 'േഫാർ റെൻറ് ' േബാർഡുകൾ തൂങ്ങിക്കിടക്കുന്നത്. കോവിഡ് പ്രതിസന്ധി അവസാനത്തിലേക്ക് എത്തിയിട്ടും ഇവയൊന്നും പച്ചപിടിച്ചിട്ടില്ല. ഒരുകാലത്ത് ഏറെ പേരുകേട്ടിരുന്നതും തിരക്കുപിടിച്ചിരുന്നതുമായ റൂവിയിലെ റാഡോ, സലാല തുടങ്ങിയ മാർക്കറ്റുകളിെല വ്യാപാര സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.
ആഗോള മാർക്കറ്റിൽ എണ്ണവില ഇടിവ് തുടങ്ങിയതു മുതൽതന്നെ ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലായിരുന്നു. ശമ്പളക്കുറവും തൊഴിൽ പ്രതിസന്ധിയും സ്വദേശിവത്കരണവുമൊക്കെ ഒന്നിച്ചുവന്നതോടെ നിരവധി പ്രവാസികൾ ഒമാൻ വിട്ടിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി വന്നതോടെ പ്രശ്നം രൂക്ഷമായി. ലോക്ഡൗൺ കാലത്ത് മാസങ്ങളോളം ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നത് നിരവധി വ്യാപാരികളുടെ നെട്ടല്ല് ഒടിച്ചിരുന്നു. വ്യാപാരം നടന്നില്ലെങ്കിലും വാടകയും ജീവനക്കാരുടെ ശമ്പളവും നൽകേണ്ടത് പലർക്കും വലിയ തലവേദനയായിരുന്നു. ലോക്ഡൗൺ കാലത്ത് വാടക ഇളവ് നൽകണമെന്ന് ഒമാൻ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് പലരും അക്കാലത്ത് വാടകക്ക് വിട്ടുവീഴ്ച നൽകിയിരുന്നു.
എന്നാൽ, ലോക്ഡൗണിന് ശേഷം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ പല കെട്ടിട ഉടമകളും പഴയ വാടക കുടിശ്ശിക ആവശ്യപ്പെട്ടതാണ് പലരെയും കുഴക്കിയത്. ലോക്ഡൗൺ ഇളവ് ലഭിച്ചതു മുതൽ കട തുറന്നിരുന്നെങ്കിലും ആദ്യ മാസങ്ങളിൽ വ്യാപാരം തീരെ കുറവുമായിരുന്നു. ഇതോടെ പലർക്കും പിടിച്ചുനിൽക്കാനായില്ല.
വാടക കുടിശ്ശിക ആയിരങ്ങളിലെത്തിയതോടെ കെട്ടിട ഉടമകളോട് അവധി പറഞ്ഞ് മടുത്ത പലരും വ്യാപാര സ്ഥാപനങ്ങൾ ഉപേക്ഷിച്ച് നാടുപിടിക്കുകയായിരുന്നു. ഇതിൽ പതിറ്റാണ്ടു കാലം ഒമാനിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തിയവരും ഉൾപ്പെടും.
റൂവി അടക്കമുള്ള നഗരങ്ങളിലെ ചെറുകിട വ്യാപാര മേഖലക്ക് പ്രതിസന്ധിയുണ്ടാവാൻ മറ്റു നിരവധി കാരണങ്ങളുമുണ്ട്. ഗുണനിലവാരമില്ലാത്തതും ഡ്യൂപ്ലിേക്കറ്റുമായ ഉൽപന്നങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഇത്തരം നഗരങ്ങളിലുണ്ട്.
നാട്ടിൽ കൊണ്ടുപോവാനും മറ്റും പർച്ചേഴ്സ് ചെയ്യാനെത്തുന്നവർക്ക് തീരെ ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ നൽകുന്നവർ ചെറുകിട വ്യാപാര മേഖലയുടെ കഴുത്തിനാണ് കത്തിവെക്കുന്നതെന്ന് ഒാർക്കുന്നില്ല. ഇങ്ങനെ കുടുക്കിൽപെട്ട പലരും ചെറുകിട വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കുകയും ഹൈപ്പർ മാർക്കറ്റുകളിലേക്ക് മാറുകയും ചെയ്യുകയാണ്.
പ്രധാന നഗരങ്ങളിൽ ഹൈപ്പർ മാർക്കറ്റുകൾ വർധിച്ചതോടെ കാലാകാലമായി ചെറുകിട സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നവർ പുതിയ മേഖലകൾ തേടി പോയതും ചെറുകിട വ്യാപാര മേഖലക്ക് തിരിച്ചടിയാവുന്നുണ്ട്്. ഇത്തരം നിരവധി കാരണങ്ങൾകൊണ്ടാണ് അടഞ്ഞുകിടക്കുന്ന കടകൾ പലതും ഏറ്റെടുക്കാൻ ആളുകളെത്താത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.