ദോഫാറിലെ കോവിഡ് ചികിത്സ: വിപുല സൗകര്യങ്ങളുമായി ബദർ അൽ സമ
text_fieldsസലാല: ദോഫാർ മേഖലയിലെ കോവിഡ് പ്രതിരോധ, ചികിത്സാ രംഗത്ത് വിപുല സൗകര്യങ്ങളുമായി ബദർ അൽ സമ ആശുപത്രി. ആരോഗ്യ മന്ത്രാലയത്തിെൻറ കർശന നിരീക്ഷണത്തിലും മാർഗനിർദേശങ്ങൾക്ക് അനുസരിച്ചുമാണ് ചികിത്സ. ആദ്യ ഘട്ടത്തിൽ സർക്കാർ മേഖലക്കു മാത്രമാണ് കോവിഡ് പരിശോധനക്കും ചികിത്സക്കും അനുവാദം ഉണ്ടായിരുന്നത്. എന്നാൽ, ഏതാണ്ട് രണ്ടു മാസത്തോളം മുമ്പാണ് സ്വകാര്യ മേഖലയിലെ കോവിഡ് ചികിത്സക്ക് അനുമതി നൽകിയത്. ദോഫാറിൽ ബദർ അൽ സമക്ക് മാത്രമാണ് സ്വകാര്യ മേഖലയിൽ കോവിഡ്ചികിത്സക്ക് നിലവിൽ അനുമതിയുള്ളത്.
ആശുപത്രി കെട്ടിടത്തിെൻറ മൂന്നാംനില കോവിഡ് ചികിത്സക്കു മാത്രമായി സൗകര്യപ്പെടുത്തിയതായി ബദർ സമ ദോഫാർ റീജനൽ മാനേജർ അബ്ദുൽ അസീസ് 'ഗൾഫ് മാധ്യമ'ത്തോടു പറഞ്ഞു. എല്ലാ സൗകര്യങ്ങളുമുള്ള പ്രത്യേക ഐെസാലേഷൻ മുറികളും കോവിഡ് രോഗികൾക്കു മാത്രമായി ഐ.സി.യു ബെഡുകളും വെൻറിലേറ്ററുമെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ കെയറിലെ ഡോ. രാജേഷിെൻറയും സീനിയർ സ്പെഷലിസ്റ്റ് ഡോ. അനീഷ്കുമാറിെൻറയും നേതൃത്വത്തിൽ അഞ്ചു പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. സ്വദേശികളും പ്രവാസികളും ഇവിടെ ചികിത്സക്ക് ധാരാളമായി എത്തുന്നുണ്ട്. വ്യാപനം കുറഞ്ഞതോടെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പോസിറ്റിവാണെന്ന് അറിയുന്നതോടെ ഒരു സുരക്ഷിത സ്ഥലത്ത് താമസിക്കുന്നതാണ് നല്ലതെന്ന് കരുതി ആശുപത്രിയിൽ അഡ്മിറ്റാവുന്നവരും ഉണ്ട്. നല്ല ശതമാനം ആളുകളിലും ചെറിയ ലക്ഷണങ്ങൾ കാണിച്ച് ഒരാഴ്ചക്കകം സുഖംപ്രാപിക്കുന്നു. എന്നാൽ, മറ്റു ശ്വാസകോശ രോഗങ്ങളോ കടുത്ത ഷുഗറോ ഉള്ളവർക്ക് ന്യൂമോണിയയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ഇവർക്കാണ് അധികവും കിടത്തിചികിത്സ വേണ്ടിവരുക. അധിക ന്യൂമോണിയ ബാധിതരും പത്തു ദിവസത്തെ ആശുപത്രി ചികിത്സക്കുശേഷം സുഖംപ്രാപിച്ച് ഡിസ്ചാർജാകുന്നുണ്ട്. ഇവർ പിന്നീട് വീടുകളിൽ ക്വാറൻറീനിൽ കഴിയുകയും ചെയ്യുന്നു.
പി.സി.ആർ പരിശോധനക്ക് 35 റിയാലാണ് മന്ത്രാലയം നിശ്ചയിച്ച നിരക്ക്. ദോഫാറിൽ ഇതിന് രണ്ടു ദിവസം വരെ സമയമെടുക്കും. ഉടനെ റിസൽട്ട് കിട്ടുന്ന ആൻറിജൻ പരിശോധനയും ഇവിടെയുണ്ട്. സ്വകാര്യ മേഖലകൂടി കോവിഡ് ചികിത്സാരംഗത്ത് സജീവമായത് ദോഫാറിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.