കോവിഡ് മുൻ കരുതൽ ലംഘിച്ചു; ഹോട്ടൽ അടപ്പിച്ചു
text_fieldsമസ്കത്ത്: കോവിഡ് മുൻകരുതൽ സംബന്ധിച്ച സുപ്രീം കമ്മിറ്റി നിർദേശം ലംഘിച്ച ഹോട്ടലിനെതിരെ നടപടി. ഹോട്ടൽ അടച്ചിടാൻ നിർദേശിച്ചതായി പൈതൃക-ടൂറിസം മന്ത്രാലയം അറിയിച്ചു. ഹോട്ടലിെൻറ പേര് അടക്കം വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിയമലംഘനം കണ്ടെത്തിയ മറ്റ് ടൂറിസ്റ്റ്, ഹോട്ടൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മാളുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, കടകൾ, റസ്റ്റാറൻറുകൾ, കഫേകൾ തുടങ്ങിയയിടങ്ങളിൽ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്ന നിർദേശം നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടായിരിക്കും. സന്ദർശകർ കോവിഡ് മുൻകരുതൽ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
ഒമാനിൽ മാർച്ച് 28 മുതൽ ഏർപ്പെടുത്തിയിരുന്ന രാത്രി വ്യാപാര വിലക്ക് കഴിഞ്ഞയാഴ്ചയാണ് സുപ്രീം കമ്മിറ്റി നീക്കിയത്. സന്ദർശകരുടെ എണ്ണം 50 ശതമാനം മാത്രമായി തുടരണമെന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കിയത്.
മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും 12 വയസ്സിൽ താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കാനും അനുമതിയുണ്ട്. പ്രദർശനങ്ങൾ, വെഡിങ് ഹാളുകൾ തുടങ്ങി ആളുകൾ ഒത്തുചേരുന്ന വാണിജ്യ പ്രവർത്തനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ പരമാവധി 30 ശതമാനം പേരെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂ. വലിയ ഹാളുകളാണെങ്കിൽ എല്ലാവിധ മുൻകരുതൽ നടപടികളും പാലിച്ച് 300 പേർക്ക് പ്രവേശനം അനുവദിക്കാം. സിനിമ തിയറ്ററുകൾക്ക് പ്രദർശനാനുമതിയുണ്ടെന്ന് മസ്കത്ത് നഗരസഭയും അറിയിച്ചു. മൊത്തം ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്നും നഗരസഭ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.