കോവിഡ് വർധന: ഒത്തുചേരൽ ഒഴിവാക്കാൻ കർശന നിർദേശം
text_fieldsമസ്കത്ത്: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും സുപ്രീംകമ്മിറ്റിയും ആവശ്യപ്പെട്ട നിയന്ത്രണങ്ങളിൽ ഒരുതരത്തിലും വീഴ്ചയുണ്ടാകരുതെന്ന് അധികൃതർ. രോഗവ്യാപനത്തിെൻറ ഏറ്റവും പ്രധാന കാരണമായി വിദഗ്ധർ പറയുന്നത് ഒത്തുചേരലുകളാണ്. നിയന്ത്രണങ്ങൾക്കിടയിൽ പലരും സ്വകാര്യ സ്ഥലങ്ങളിലും വീടുകളിലും ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് കർശനമായി ഒഴിവാക്കിയില്ലെങ്കിൽ കോവിഡ് കേസുകൾ വരുംദിവസങ്ങളിലും വർധിക്കുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു.
ദിനംപ്രതി രണ്ടായിരത്തിലേറെ കേസുകളാണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്കും ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണവും പിടിച്ചുകെട്ടാനാവാത്ത നിലയിൽ കുതിച്ചുയർന്നിട്ടുണ്ട്. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞ് ഗുരുതര രോഗികളെപോലും ചികിത്സിക്കാൻ സ്ഥലമില്ലാത്ത അവസ്ഥ ചിലയിടങ്ങളിലുണ്ട്. എന്നാൽ ഇതിനിടയിലും പലരും കുടുംബ ഒത്തുചേരലുകളും വിവാഹങ്ങളും സംഘടിപ്പിക്കുകയാണ്. ആരോഗ്യ വകുപ്പിെൻറ നിർദേശം പാലിക്കാതെ ഒത്തുചേരലുകളും മറ്റും സംഘടിപ്പിക്കുന്നത് തുടർന്നാൽ േകസുകൾ വർധിക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവുതന്നെ കഴിഞ്ഞദിവസം പ്രതികരിച്ചു.
കഴിഞ്ഞദിവസം ബർകയിൽ സ്വദേശികളും വിദേശികളും പങ്കെടുത്ത ഒത്തുചേരലിൽ പങ്കെടുത്തവരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃഷിയിടത്തിലാണ് ഇവിടെ ഒത്തുചേരൽ നടന്നത്. ഇത്തരം പരിപാടികൾ പലയിടത്തും നടക്കുന്നതായാണ് റിപ്പോർട്ട്. ഇത് തടയാൻ പരിശോധനയും അധികൃതർ കർശനമാക്കി. ജൂണിൽ മാത്രം രാജ്യത്തുണ്ടായത് 755 കോവിഡ് മരണങ്ങളാണ്. കോവിഡിെൻറ തുടക്കം മുതലുള്ള കണക്കുകളിൽ ഇത് വളരെ ഉയർന്നതാണ്. വാക്സിൻ സ്വീകരിക്കുകയും സുരക്ഷ മുൻകരുതലുകൾ പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം മന്ത്രി ഡോ. അഹ്മദ് അൽ സെയ്ദി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടു.
അതിനിടെ രാജ്യത്ത് വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ചില തൽപരകക്ഷികൾ വാക്സിനെതിരെ പ്രചാരണം നടത്തുന്നുണ്ട്. ഇത്തരം അഭ്യൂഹങ്ങളിലും വ്യാജവാർത്തകളിലും വീഴരുതെന്നും എല്ലാവരും വാക്സിൻ എടുക്കണമെന്നും ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.