കോവിഡ് കുതിച്ചുയരുന്നു
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. 1931പുതിയ രോഗികളും 14 മരണവുമാണ് ബുധനാഴ്ച റിേപ്പാർട്ട് ചെയ്യപ്പെട്ടത്. ആശുപത്രിയിൽ അഡ്മിറ്റായ രോഗികളുടെ എണ്ണം 1000 പിന്നിടുകയും ചെയ്തു. സമീപകാലത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച ഏറ്റവും വലിയ എണ്ണമാണ് കഴിഞ്ഞ ദിവസത്തേത്. ആനുപാതികമായി മരണസംഖ്യയിലും വലിയ വർധനയാണ് ഉണ്ടാകുന്നത്. ദിവസങ്ങൾ പിന്നിടുന്തോറും രോഗികളും മരണവും വർധിക്കുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 128 പേരെയാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1021 ആയി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണവും കുതിച്ചുയർന്ന് 329 ആയി. നിലവിൽ ആശുപത്രിയിലും വീടുകളിലുമായി രോഗികളായി കഴിയുന്നവർ 3547 ആണ്. രോഗമുക്തി നിരക്കിലും വലിയ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. 90.5 ശതമാനമാണ് നിലവിലെ നിരക്ക്. ദിവസങ്ങൾക്കു മുമ്പ് 94 ശതമാനമായിരുന്നതാണ് കുത്തനെ കുറഞ്ഞത്.
രോഗികളുടെ എണ്ണം ആശുപത്രികളിൽ കൂടിയതോടെ സൗകര്യങ്ങളുടെ പരിമിതി പ്രയാസം സൃഷ്ടിക്കുമെന്ന ആശങ്ക വർധിച്ചിട്ടുണ്ട്. പല ആശുപത്രികളും ഏറ്റവും പരമാവധി രോഗികളെ പ്രവേശിപ്പിക്കപ്പെട്ട നിലയിലാണ്. ഐ.സി.യു ബെഡുകളുടെ കാര്യത്തിലും ആശങ്കയുണ്ട്. ഐ.സി.യുവും വെൻറിലേറ്ററും നിറഞ്ഞാൽ അത്യാവശ്യ രോഗിളെ പ്രവേശിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. അതിനാൽ ആശുപത്രികൾ മുൻകരുതൽ സ്വീകരിക്കേണ്ട സാഹചര്യമാണ്.
രോഗികളുടെ എണ്ണം വർധിച്ചാൽ നേരേത്ത ഇളവനുവദിച്ച നിയന്ത്രണങ്ങൾ വീണ്ടും പുനഃസ്ഥാപിക്കുമെന്ന് സുപ്രീം കമ്മിറ്റി നേരേത്ത വ്യക്തമാക്കിയിരുന്നു. രോഗികളുടെ വർധന താൽക്കാലികമാണെന്നും കുറയുമെന്നും ആരോഗ്യമന്ത്രി ദിവസങ്ങൾക്കുമുമ്പ് ശുഭാപ്തി പ്രകടിപ്പിച്ചു. എന്നാൽ, നിലവിൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്നതും ആളുകൾ ആശങ്കപ്പെടുന്നു.നിയന്ത്രണം ഏർപ്പെടുത്തുന്നത് വ്യാപാര-തൊഴിൽ മേഖലകൾക്കെല്ലാം തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.