കോവിഡ്: മൂന്നു ദിവസത്തിനിടെ 84 മരണം, 5320 രോഗികൾ
text_fieldsമസ്കത്ത്: രാജ്യത്തെ കോവിഡ് വ്യാപനം അതിഗുരുതരമായി തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ശനിയാഴ്്ച വരെ 84 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 2710 ആയി ഉയർന്നു. വ്യാഴാഴ്ച 30 പേരും വെള്ളി, ശനി ദിവസങ്ങളിലായി 27 പേർ വീതവുമാണ് മരിച്ചത്. ജൂണിൽ ഇതുവരെ 365 പേരാണ് മരിച്ചത്. ദിവസം ശരാശരി 18.3 ആണ് മരണനിരക്ക്. മഹാമാരി ആരംഭിച്ച ശേഷമുള്ള ഉയർന്ന മരണനിരക്കാണിത്. 5320 പേർ പുതുതായി രോഗബാധിതരായിട്ടുമുണ്ട്. 2,48,043 പേരാണ് ഇതുവരെ രോഗ ബാധിതരായത്.
4961 പേർക്ക് കൂടി രോഗം ഭേദമായി. 2,18,841 പേർ ഇതുവരെ രോഗമുക്തരായിട്ടുമുണ്ട്. 170 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1436 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 414 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള അനിശ്ചിതകാല രാത്രി ലോക്ഡൗൺ ഞായറാഴ്ച മുതൽ നിലവിൽ വന്നു. രാത്രി എട്ടുമുതൽ പുലർച്ച നാലുവരെ വ്യക്തികളുടെയും വാഹനങ്ങളുടെയും യാത്രക്ക് വിലക്കുണ്ടായിരിക്കും. ഇതോടൊപ്പം എല്ലാ വാണിജ്യ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടുകയും വേണം. ആരോഗ്യ പ്രവർത്തകരുടെ സഞ്ചാരമടക്കം കഴിഞ്ഞ വിലക്കുകളിൽ ഇളവുണ്ടായിരുന്ന വിഭാഗങ്ങളെ ഇക്കുറിയും ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ വിവാഹ ഹാളുകൾ ജൂൺ 20 ഞായറാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ സുപ്രീം കമ്മിറ്റി ഉത്തരവിട്ടു. ടെൻറുകൾ വാടകക്ക് നൽകുന്ന പ്രവൃത്തിയും നിർത്തിവെക്കാൻ ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
ഹോട്ടലുകളിലും ടൂറിസം സ്ഥാപനങ്ങളിലും എല്ലാതരം യോഗങ്ങൾക്കും ആഘോഷങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി പൈതൃക-ടൂറിസം മന്ത്രാലയവും ഉത്തരവ് പുറപ്പെടുവിച്ചു. ഹോട്ടലുകളിലെയും ടൂറിസം സ്ഥാപനങ്ങളിലെയും പൊതു സംവിധാനങ്ങൾ രാത്രി എട്ടുമുതൽ നാലുവരെ അടച്ചിടണം. അതേസമയം, റെസ്റ്റാറൻറുകൾക്ക് ഭക്ഷണം മുറികളിൽ എത്തിച്ചുനൽകുന്നതിന് തടസ്സങ്ങളില്ല. ഉത്തരവുപാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനം കടുത്ത സമ്മർദത്തിലാണെന്നാണ് കഴിഞ്ഞ ദിവസം നടന്ന സുപ്രീം കമ്മിറ്റി യോഗം കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിൽ രോഗവ്യാപനം ഇനിയും ഉയരുന്നപക്ഷം കൂടുതൽ നിയന്ത്രണങ്ങൾ വരാനുള്ള സാഹചര്യമുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.