കോവിഡ്: മൂന്നുദിവസം 31 മരണം; ആശുപത്രി രോഗികൾ 809
text_fieldsമസ്കത്ത്: മൂന്നു ദിവസത്തിനിടെ കോവിഡ് ബാധിച്ച് ഒമാനിൽ 31 പേർ മരിച്ചു. 2399 പേർക്ക് പുതുതായി രോഗം ബാധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2334ഉം ആകെ രോഗികൾ 216, 183ലും എത്തി.
കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയത് ആശങ്കക്കിടയാക്കി. വ്യാഴാഴ്ച 847, വെള്ളിയാഴ്ച 735, ശനിയാഴ്ച 817 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് രോഗികളുടെ എണ്ണം വർധിച്ചു. അതേസമയം, ആശുപത്രിയിലുള്ള രോഗികളുടെ എണ്ണവും ഒരിടവേളക്ക് ശേഷം 800ലെത്തി. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം ആശുപത്രികളിൽ കഴിയുന്നത് 809 പേരാണ്. കഴിഞ്ഞ ദിവസം മാത്രം നൂറുപേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഐ.സി.യുവിലെ രോഗികളുടെ എണ്ണം 242 ആണ്. എന്നാൽ, രോഗമുക്തി നിരക്ക് 92.5 ശതമാനമായി തുടരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് വിമുഖത കാണിക്കുന്നതായ പരാതിയും ഉയർന്നു. റോയൽ ആശുപത്രിയിൽ ഇത്തരത്തിൽ പ്രവേശനം നിഷേധിച്ചതായ പരാതിയിൽ വിശദീകരണവുമായി അധികൃതർ രംഗത്തുവന്നു.
കിടക്കകൾ ഒഴിവുണ്ടെങ്കിലും നഴ്സുമാരുടെ കുറവ് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് ഒമാനിലെ ഏറ്റവും വലിയ ആശുപത്രി അറിയിച്ചു. ഐ.സി.യു രോഗികളുടെ എണ്ണം വർധിച്ചതോടെ മറ്റിടങ്ങളിൽ സേവനത്തിന് നഴ്സുമാരുടെ എണ്ണം കുറഞ്ഞത് പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് വിശദീകരണത്തിലുള്ളത്. എന്നാൽ, ജീവനക്കാരുടെ കുറവിനിടയിലും ആശുപത്രിയിൽ ദൈനംദിന പ്രവർത്തനം മികച്ചരീതിയിൽ മുന്നോട്ടുപോകുന്നതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.