കച്ചവടത്തിൽ തട്ടിപ്പ് കാണിച്ചാൽ പിണികിട്ടും; വാണിജ്യ വഞ്ചനക്കെതിരെ കാമ്പയിൻ ഊർജിതമാക്കി സി.പി.എ
text_fieldsമസ്കത്ത്: വാണിജ്യ വഞ്ചനക്കെതിരെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സി.പി.എ) നേതൃത്വത്തിൽ വിവിധ ഗവർണറേറ്റുകളിൽ നടത്തുന്ന ബോധവത്കരണ കാമ്പയിനുകൾ പുരോഗമിക്കുന്നു.
വാണിജ്യ വഞ്ചനയായി കണക്കാക്കുന്ന കച്ചവട രീതികൾ ഉപഭോക്താക്കളെ പരിചയപ്പെടുത്തുക, വാണിജ്യ വഞ്ചനക്കുള്ള ശിക്ഷ വിതരണക്കാരെയും വ്യാപാരികളെയും പരിചയപ്പെടുത്തുക, ഏകീകൃത ജി.സി.സി വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തെക്കുറിച്ച് അവബോധം വർധിപ്പിക്കുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞമാസമാണ് ഉപഭോക്തൃ സംരക്ഷണ സമിതി ബോധവത്കരണ കാമ്പയിന് തുടക്കമിട്ടത്.
തിങ്കളാഴ്ച തെക്കൻ ശർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് മസീറയിലെ ഓട്ടോ പാർട്സ് കടകളിൽ പരിശോധനയും ബോധവത്കരണവും നടത്തി. സ്പെയർ പാർട്ടുകളുടെ ഗുണനിലവാരവും രാജ്യത്ത് അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു പരിശോധനയുടെ ലക്ഷ്യം.
വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷെൻറ സഹകരണത്തോടെ സിംപോസിയവും സംഘടിപ്പിച്ചു. വാണിജ്യ വഞ്ചനയുടെ അപകടസാധ്യതകളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാനും ഇത്തരത്തിലുള്ള ഏതെങ്കിലും തട്ടിപ്പ് രീതികളിൽനിന്ന് വിതരണക്കാരെ വിട്ടുനിർത്താനും ഉദ്ദേശിച്ചായിരുന്നു സിംപോസിയം സംഘടിപ്പിച്ചത്.
വടക്കൻ ബത്തിന ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റ് വ്യാജവും യഥാർഥവുമായ ഉൽപന്നങ്ങളുടെ മൊബൈൽ പ്രദർശനവും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.