പരസ്യങ്ങൾ മത-ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമാവരുത്; മുന്നറിയിപ്പുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ സമിതി
text_fieldsമസ്കത്ത്: മത, ധാർമിക മൂല്യങ്ങൾക്കും രാജ്യത്തിന്റെ പാരമ്പര്യങ്ങൾക്കും വിരുദ്ധമാവുന്ന വാക്യങ്ങളും ചിത്രങ്ങളും മുദ്രാവാക്യങ്ങളും വസ്തുക്കളുടെ വിൽപനക്കും പരസ്യങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്തൃ സംരക്ഷണ സമിതി (സി.പി.എ) വിലക്കി.
ഉൽപന്നങ്ങൾക്ക് പ്രത്യേക പ്രമോഷൻ നൽകുന്നവർ ബന്ധപ്പെട്ട അധികൃതരിൽനിന്ന് അനുവാദമെടുക്കണമെന്നും ഓഫറുകളും പരസ്യങ്ങളും ദുരുപയോഗം ചെയ്യരുതെന്നും സമിതി മുന്നറിയിപ്പ് നൽകുന്നു. പ്രമോഷൻ സംബന്ധമായ വിവരങ്ങളുടെ പകർപ്പ് അധികൃതർക്ക് നൽകിയിരിക്കണം. സമ്മാനം, വിജയികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്നിവക്കും അധികൃതരിൽനിന്ന് അംഗീകാരം നേടണം. ഓഫറിന് മുമ്പും ഓഫർ നൽകുമ്പോഴുമുള്ള വിലയും അധികൃതരെ അറിയിക്കണം.
ഉപഭോക്താവും വിതരണക്കാരനും തമ്മിൽ തർക്കമുണ്ടാവുകയാണെങ്കിൽ ഉപഭോക്താവിന് ആവശ്യമായ തെളിവുസഹിതം പരാതി നൽകാം. പരാതി നൽകി 30 ദിവസത്തിനുള്ളിൽ അധികൃതർ പ്രശ്നത്തിൽ തീരുമാനമെടുക്കും. പരാതി ലഭിച്ച ശേഷം അധികൃതർ വിഷയത്തിൽ റിപ്പോർട്ട് തയാറാക്കാൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. ഇതിന്റെ സാമ്പത്തിക ചെലവ് ഉപഭോക്താവ് എടുക്കേണ്ടിവരും. കോടതിയുടെ അന്തിമവിധി ഉപഭോക്താവിന് അനുകൂലമാണെങ്കിൽ ഈ ചെലവ് തിരിച്ച് ലഭിക്കും. ഏതെങ്കിലും ഉൽപന്നത്തിന് വിൽപന നടത്തുമ്പോൾ വാഗ്ദാനം ചെയ്തിട്ടുള്ള ഗുണനിലവാരം ലഭിച്ചിട്ടില്ലെങ്കിൽ ഉൽപന്നം മാറ്റി നൽകുകയോ അധികം വില ഈടാക്കാതെ സാധനം തിരിച്ചെടുക്കുകയോ പണം നൽകുകയോ വേണം. ഉൽപന്നം തിരിച്ചുകിട്ടി 15 ദിവസത്തിനുള്ളിൽ പണമോ പുതിയ വസ്തുവോ നൽകിയിരിക്കണം.
വാറന്റി കാലഘട്ടത്തിൽ ഉൽപന്നം കേടുവന്നാൽ അവ ശരിയാക്കി നൽകേണ്ടതാണ്. ഇതിന് രേഖയും വിൽപനക്കാരൻ നൽകണം. ഉൽപന്നം വാങ്ങിയതിന്റെ രേഖ ഉപഭോക്താവും സമർപ്പിക്കണം. ഉപഭോക്താവിന്റെ ദുരുപയോഗം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ പരിഗണിക്കപ്പെടില്ല.
കേടുപാട് തീർക്കുന്ന കാലയളവിലേക്ക് ഉപഭോക്താവിന് ഉപയോഗിക്കാൻ പകരം ഉൽപന്നം നൽകണം. ശരിയായില്ലെങ്കിൽ വീണ്ടും നന്നാക്കി നൽകുകയും അതേ പ്രശ്നം മൂന്ന് പ്രാവശ്യം ആവർത്തിക്കുകയും ചെയ്താൽ ഉൽപന്നം മാറ്റി നൽകുകയും വേണം. ഉൽപന്നങ്ങൾക്ക് പരസ്യത്തിൽ നൽകിയതിനേക്കാൾ കൂടുതൽ വില ഈടാക്കുകയാണെങ്കിലും ഉപഭോക്താവിന് പരാതി നൽകാം. ഉൽപന്നത്തിനുപുറത്ത് മാറ്റി നൽകുകയോ പണം തിരിച്ചുനൽകുകയോ ചെയ്യില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിയമം ബാധകമായിരിക്കില്ല.
സി.പി.എ തെക്കൻ ശർഖിയയിൽ പരിശോധന നടത്തി
മസ്കത്ത്: റമദാൻ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി തെക്കൻ ശർഖിയ ഗവർണറേറ്റിലെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും മാർക്കറ്റുകളിലും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പരിശോധന നടത്തി.
സാധനങ്ങളുടെ വിലകളും പ്രമോഷനുകളും ഡിസ്കൗണ്ടുകളും ഉറപ്പുവരുത്തുന്നതിനായിരുന്നു പരിശോധന. കൂടാതെ, ചരക്കുകൾക്ക് മൂല്യവർധിത നികുതി ബാധകമാക്കുന്നതിന്റെ കൃത്യത ഉറപ്പുവരുത്തലും പരിശോധനയിലൂടെ ലക്ഷ്യമിട്ടിരുന്നു. അനധികൃതമായി ചില ഉൽപന്നങ്ങൾക്ക് വാണിജ്യ സ്ഥാപനങ്ങൾ വാറ്റ് ചുമത്തിയിരുന്നു. ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.