കുറഞ്ഞ വിലക്ക് സാധനങ്ങൾ; ‘റമദാൻ ബാസ്ക്ക’റ്റുമായി സി.പി.എ
text_fieldsമസ്കത്ത്: റമദാനിൽ വിപണികളിൽ കുറഞ്ഞ വിലക്ക് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) എല്ലാ ഗവർണറേറ്റുകളിലും റമദാൻ ബാസ്കറ്റ് പ്രോഗ്രാം ആരംഭിച്ചു. കൃത്രിമമായി വില ഉയർത്തിയിടുന്നത് തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വിപണികൾ നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും അതോറിറ്റി വർധിപ്പിച്ചു.
9.900 മുതൽ 11.975 റിയാൽ വിലയിൽ നിരവധി അവശ്യ ഭക്ഷ്യവസ്തുക്കൾ നൽകുന്നതാണ് റമദാൻ ബാസ്കറ്റ്. പ്രദേശവാസികൾക്കും താമസക്കാർക്കും വേഗമേറിയതും സുരക്ഷിതവുമായ ഷോപ്പിങ് ഉറപ്പാക്കുകയും പരിമിതമായ വരുമാനമുള്ള ആളുകളെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഫാമിലി പാക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി അറിയിച്ചു. അരി, മൈദ, ഈത്തപ്പഴം, അറബിക് കാപ്പി, പാചക എണ്ണ, പഞ്ചസാര, പാൽ, ഓട്സ്, റവ, തക്കാളി, ചീസ്, പാസ്ത എന്നിവയായിരിക്കും റമദാൻ ബാസ്കറ്റിൽ അടങ്ങിയിട്ടുണ്ടാകുക. സൂപ്പർ മാർക്കറ്റുകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള ബോക്സുകൾ വിൽപനക്ക് വെച്ചിട്ടുണ്ട്. റമദാനിൽ പൗരന്മാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് അതോറിറ്റി സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സി.പി.എയിലെ മാർക്കറ്റ് റെഗുലേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ് ഡയറക്ടർ ഖാലിദ് അൽ സിയാബി പറഞ്ഞു.
നാമമായ വിലക്ക് അവശ്യസാധനങ്ങൾ അടങ്ങിയ റമദാൻ ബാസ്കറ്റ് നൽകാനുള്ള ശ്രമം പരിമിതമായ വരുമാനമുള്ള വ്യക്തികളെ പിന്തുണക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. റമദാൻ ബാസ്കറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യമാണെന്ന് സി.പി.എ ഉറപ്പാക്കും. വിശുദ്ധ മാസത്തിൽ വാണിജ്യ ഓഫറുകളും പരസ്യങ്ങളും അതോറിറ്റി സജീവമായി നിരീക്ഷിക്കും. അത്യാവശ്യവും അല്ലാത്തതുമായ സാധനങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വാഹനങ്ങൾ എന്നിവയുടെ പ്രമോഷനുകൾ ഇതിൽ ഉൾപ്പെടും. മവാലെ സെൻട്രൽ മാർക്കറ്റിൽ പച്ചക്കറികളുടെയും പഴങ്ങളുടെയും വില അന്യായമായി വർധിപ്പിക്കുന്നതിന് തടയാൻ അതോറിറ്റി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.