ക്രൂയിസ് സീസൺ: പ്രതീക്ഷകളോടെ ആദ്യ കപ്പൽ വെള്ളിയാഴ്ച നങ്കൂരമിടും
text_fieldsമസ്കത്ത്: ഇൗ വർഷത്തെ ക്രൂയിസ് സീസണിനു തുടക്കംകുറിച്ച് ആദ്യ ആഡംബര കപ്പൽ സഞ്ചാരികളുമായി 18ന് മത്ര തുറമുഖത്ത് അടുക്കും. ടൂറിസം സീസണിനും ഇതോടെ തുടക്കമാകും. ആറു മാസത്തെ ഒാഫ് സീസണിനുശേഷമാണ് കപ്പൽ എത്തുന്നത്. ചൂട് കുറഞ്ഞ് കാലാവസ്ഥ അനുയോജ്യമായി മാറുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടും മൂന്നും കപ്പലുകള്‍ എന്ന നിലയിലാകും എത്തുക. തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളിലും ദിനേനയും ആഡംബര കപ്പലുകൾ മത്രയിൽ അടുക്കും. അതോടെ മത്ര സൂഖ് പുതിയ ഭാവപ്പകര്‍ച്ചയിൽ അമരും. യൂറോപ്യന്‍ രാജ്യങ്ങളില്നിന്നുള്ളവരാകും കപ്പൽ യാത്രികരിൽ ഭൂരിപക്ഷവും. മത്രയിലും പരിസരത്തുമാണ് ഇവർ കൂടുതലായി സമയം ചെലവഴിക്കുക. മസ്കത്തിെൻറയും ഒമാെൻറ മറ്റു ഭാഗങ്ങളിലുമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നവരുമുണ്ട്.
2534 യാത്രക്കാരുമായി മെയിൻ ഷിഫ് അഞ്ച് കപ്പലാണ് ആദ്യമെത്തുക. ഒക്ടോബറിൽ അഞ്ചും നവംബറിൽ 25 കപ്പലുകളും മത്രയിൽ നങ്കൂരമിടും. ഏറെ പ്രതീക്ഷയോടെയാണ് മത്ര പോര്ബംബയിലെ വ്യാപാരികൾ സീസണിനെ കാത്തിരിക്കുന്നത്. മാസങ്ങളായി തുടരുന്ന മാന്ദ്യവും ആളനക്കമില്ലായ്മയും മാറി സൂഖ് സജീവമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഓഫ് സീസണിൽ വന്നുപെട്ട ബാധ്യതകൾ മാറണമെങ്കിൽ സൂഖ് ഉണര്‍ന്നേ മതിയാകൂ എന്നാണ് മത്രയിലെ കരകൗശല കച്ചവടക്കാരനായ അഫ്താബ് എടക്കാട് പറയുന്നത്.
പെരുന്നാളിനുശേഷം സൂഖിലെ എല്ലാ മേഖലകളും നിശ്ചലാവസ്ഥയിലാണ്. പൊതുവേ സ്വദേശികള്‍ കാര്യമായി എത്തിപ്പെടാത്ത മേഖലയായതിനാല്‍ കോര്‍ണീഷ് ഭാഗത്തുള്ള കച്ചവടക്കാര്‍ക്ക് വിനോദ സഞ്ചാരികൾ മാത്രമാണ് ആശ്രയം.
വിവിധ രാജ്യക്കാരായ സഞ്ചാരികളുടെ വരവോടെ വിപണി സജീവമാവുമെന്നാണ് പ്രതീക്ഷകളൊക്കെയും. ഒമാനിലെത്തുന്ന വിനോദസഞ്ചാരികൾ മത്രയിലെയും പരിസരങ്ങളിലെയും കാഴ്ചകൾ ആസ്വദിച്ച് മാത്രമേ സന്ദര്‍ശനം പൂര്‍ത്തിയാക്കാറുള്ളൂ. മനോഹരമായ മലകളും കടല്‍ത്തീരങ്ങളും പൗരാണികത്തനിമയുള്ള സൂഖും അനുബന്ധ കോട്ടകളും, മത്ര മത്സ്യ മാർക്കറ്റുമൊക്കെ സന്ദർശകരെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്. ഒക്ടോബർ പകുതിയോടെ തുടങ്ങുന്ന ടൂറിസം സീസണിന് വേനൽ ചൂട് പിടിച്ചുതുടങ്ങുന്ന ഏപ്രിൽ മാസത്തോടെയാണ് വിരാമമാവുക.
ഒമാനിലെ വിവിധ തുറമുഖങ്ങളിൽ കഴിഞ്ഞ സീസണിൽ 298 ആഡംബര കപ്പലുകളാണ് എത്തിയത്. 2017 സീസണിനെ അപേക്ഷിച്ച് 106 കപ്പലുകളാണ് കൂടുതലായി എത്തിയത്. 147 എണ്ണം നങ്കൂരമിട്ട മത്രയാണ് മുന്നിൽ. സലാലയിൽ 79ഉം ഖസബിൽ 72ഉം കപ്പലുകളും നങ്കൂരമിട്ടു. പുതിയ സീസണിൽ 360 കപ്പലുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മന്ത്രാലയം. കഴിഞ്ഞ സീസണിൽ മൊത്തം 1.93 ലക്ഷം പേരാണ് ക്രൂയിസ് കപ്പലുകളിൽ എത്തിയത്. ഇൗ വർഷം അത് 2.20 ലക്ഷം ആകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.