ആദ്യ കപ്പൽ തീരം തൊട്ടു;ക്രൂസ് സീസണിന് തുടക്കം
text_fieldsമസ്കത്ത്: രാജ്യത്തെ ടൂറിസം മേഖലക്ക് പ്രതീക്ഷയുടെ ഓളങ്ങൾ തീർത്ത് ഈ സീസണിലെ ആദ്യ ആഡംബര കപ്പൽ തീരം തൊട്ടു. മെയ്ഷിഫ് ക്രൂസ് കപ്പലാണ് സുൽത്താൻ ഖാബൂസ് പോർട്ടിലെത്തിയത്.
സഞ്ചാരികൾക്ക് ഊഷ്മള വരവേൽപാണ് അധികൃതർ നൽകിയത്. 2,700 സഞ്ചാരികളാണ് ഇതിലുള്ളത്. കൂടുതൽ പേരും ജർമനിയിൽനിന്ന് ഉള്ളവരാണെന്നാണ് അറിയുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ വർഷങ്ങളായി ക്രൂസ് മേഖലയിൽ വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല. എന്നാൽ, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവർ ഈ സീസണിനെ കാണുന്നത്.
സഞ്ചാരികളെ വരവേൽക്കാൻ ദോഫാർ അടക്കമുള്ള ഗവർണറേറ്റുകൾ മികച്ച മുന്നൊരുക്കമാണ് നടത്തിയത്. ഖരീഫ് സീസണിനു ശേഷവും ദോഫാറിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി നിലനിർത്താൻ വിവിധ പരിപാടികളും പ്രവർത്തനങ്ങളുമാണ് പൈതൃക ടൂറിസം മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ദോഫാർ മുനിസിപ്പാലിറ്റിയുടെയും ഒമാൻ സൈക്ലിങ് അസോസിയേഷന്റെയും സഹകരണത്തോടെയുള്ള സലാല സൈക്ലിങ് ടൂർ, അയൺ മാൻ ഇവന്റ് എന്നിവ കഴിഞ്ഞ മാസങ്ങളിൽ നടന്നിരുന്നു.
ഈ മാസം സംഹാര ആർക്കിയോളജിക്കൽ പാർക്കിൽ ഫ്രാങ്കിൻസൺ സീസൺ പരിപാടിയും അടുത്തവർഷം ജനുവരിയിൽ എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പും നടക്കും.
ശൈത്യകാല ടൂറിസത്തിന്റെ മുന്നോടിയായി ദോഫാറിൽ വിമാനം വഴി യൂറോപ്പിൽനിന്നുള്ള വിനോദ സഞ്ചാരികൾ ദിവസങ്ങൾക്കുമുമ്പ് എത്തിയിരുന്നു. ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് എത്തിയത്.
അതേസമയം, കൂടുതൽ ക്രൂസ് കപ്പലുകൾ അടുത്ത മാസങ്ങളിലായി സുൽത്താനേറ്റിന്റെ തീരം തൊടും. 2,500 യാത്രക്കാരുമായി നവംബർ മൂന്നിന് ഐഡബെല്ലയും പത്തിന് 930 യാത്രക്കാരുമായി വൈക്കിങ് മാർസുമാണ് ഇനി എത്താനുള്ള ആഡംബര കപ്പലുകൾ. ഒമാനിൽ എത്തുന്ന കപ്പലുകൾ സുൽത്താൻ ഖാബൂസ് പോർട്ട്, സലാല, ഖസബ് എന്നീ തുറമുഖങ്ങളിൽ നങ്കൂരമിടും. 2019ൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് ആകെ 6,60,295 വിനോദസഞ്ചാരികളുമായി 163 ക്രൂസ് കപ്പലുകളാണ് എത്തിയത്. 2020ൽ ഇവിടെ 66 ക്രൂസ് കപ്പലുകളാണ് വന്നത്. ഇതിലൂടെ 2,63,587 സഞ്ചാരികൾ എത്തുകയും ചെയ്തു.
2019ൽ 1,36,984 വിനോദസഞ്ചാരികളുള്ള 70 ക്രൂസ് കപ്പലുകൾ ഖസബ് തുറമുഖത്തിന് ലഭിച്ചു. 2020ൽ 31 ക്രൂസ് കപ്പലുകളാണ് ലഭിച്ചത്. 1,25,110 വിനോദസഞ്ചാരികൾ എത്തുകയും ചെയ്തു. 2020ൽ നാല് ക്രൂസ് കപ്പലുകൾ മാത്രമാണ് സലാല തുറമുഖത്ത് എത്തിയത്.
എന്നാൽ, 69,060 വിനോദ സഞ്ചാരികളുമായി 45 ക്രൂസ് കപ്പലുകളാണ് 2019ൽ എത്തിയത്. കോവിഡിനു മുമ്പുള്ള തലത്തിലേക്ക് ക്രൂസ് മേഖല ഈ വർഷമെത്തുമെന്ന് ഏറ്റവും വലിയ ക്രൂസ് ഇൻഡസ്ട്രി ട്രേഡ് അസോസിയേഷനായ ക്രൂസ് ലൈൻ ഇന്റർനാഷനൽ അസോസിയേഷന്റെ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.