പ്രതീക്ഷയുടെ ഓളപ്പരപ്പിലേക്ക് ക്രൂസ് കപ്പലുകളെത്തുന്നു
text_fieldsമസ്കത്ത്: ശൈത്യകാല ടൂറിസം രംഗത്തിന് ഉണർവേകാൻ കൂടുതൽ ക്രൂസ് കപ്പലുകൾ സുൽത്താനേറ്റിന്റെ തീരം തൊടുന്നു. നിലവിൽ 99 കപ്പലുകളാണ് രാജ്യത്തേക്ക് വരാനായി ഷെഡ്യൂൾ ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് സഞ്ചാരികളുമായി എത്തുന്ന ഈ ക്രൂസ് കപ്പലുകൾ മൂന്നു തുറമുഖങ്ങളിൽ നങ്കൂരമിടുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ക്രൂസ് ആൻഡ് ചാർട്ടേഡ് ഫ്ലൈറ്റുകളുടെ തലവൻ അബ്ദുല്ല സെയ്ഫ് അൽ സാദി അറിയിച്ചു.
ഏറ്റവും കൂടുതൽ കപ്പലുകൾ എത്തുക സുൽത്താൻ ഖാബൂസ് തുറമുഖത്തായിരിക്കും. ഇവിടേക്ക് 62 ക്രൂസ് കപ്പലുകളാണ് വരുക. ഖസബ് തുറമുഖത്ത് 22ഉം സലാല തുറമുഖത്തിന് 15ഉം കപ്പലുകൾ ലഭിക്കും. ഒക്ടോബർ-ഏപ്രിൽ കാലയളവിലാണ് ഏറ്റവും കൂടുതൽ വരവ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ക്രൂസ് ടൂറിസം മെച്ചപ്പെടുത്തുന്നതിനായി മന്ത്രാലയം സർക്കാർ-സ്വകാര്യ മേഖല സ്ഥാപനങ്ങളുമായും ക്രൂസ് ഓപറേറ്റർമാരുമായും സഹകരിച്ച് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്.
2021-22 സീസണിന്റെ തുടക്കത്തിൽതന്നെ വിനോദസഞ്ചാരികളുമായുള്ള ക്രൂസ് കപ്പലുകൾ ഖസബ് തുറമുഖത്തും സലാലയിലും മത്രയിലും എത്തിയിരുന്നു. ഒന്നര വർഷത്തിലധികമായി ഉറങ്ങിക്കിടക്കുകയായിരുന്ന വ്യാപാര മേഖലക്ക് ഉണർവു പകരുന്നതായിരുന്നു ആഡംബര കപ്പലുകളുടെ വരവ്.
കൂടുതൽ കപ്പലുകൾ എത്തുന്നതോടെ ക്രൂസ് വ്യവസായ രംഗത്തും തിരയിളക്കമുണ്ടാകുമെന്നാണ് കരുതുന്നത്. കോവിഡ് കേസുകളുടെ വർധന, ഒമിക്രോൺ എന്നിവ പ്രതികൂല ഘടകമായുണ്ടെങ്കിലും കഴിഞ്ഞ സീസണുകളെപ്പോലെയാകില്ല ഇപ്രാവശ്യം കാര്യങ്ങളെന്നാണ് ഈ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്.
സുൽത്താൻ ഖാബൂസ് തുറമുഖത്ത് ക്വീൻ മേരി രണ്ട്, മെയിൻ ഷിഫ് ആറ്, കോസ്റ്റ ഫിറൻസ, ഐഡ അബെല്ല തുടങ്ങി കപ്പലുകളാണ് ഇനി വരാനുള്ളതെന്ന് ക്രൂ സെൻറർ ഡോട് കോം (crew center.com) വെബ്സൈറ്റ് കാണിക്കുന്നു. മേൽപറഞ്ഞ ചില കപ്പലുകൾക്കു പുറമെ ഖസബ് തുറമുഖത്ത് ഓഷ്യാനിയ നോട്ടിക്ക, സിൽവർ സ്പേർട്ട്, സെവൻ സീസ് നാവിഗേറ്റർ എന്നീ കപ്പലുകളും വരുമെന്നാണ് കരുതുന്നത്.
ഇതിനു പുറമെ ക്രിസ്റ്റൽ സിംഫണി, ക്വീൻ വിക്ടോറിയ തുടങ്ങിയ കപ്പലുകളും സലാല തുറമുഖത്ത് എത്തിയേക്കും.2019ൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് 163 ക്രൂസ് കപ്പലുകളാണ് എത്തിയത്. ഇതിലൂടെ 6,60,295 വിനോദസഞ്ചാരികളെ ലഭിച്ചു. 2020ൽ 2,63,587 വിനോദസഞ്ചാരികളെ വഹിച്ചുള്ള 66 ക്രൂസ് കപ്പലുകളും വന്നും. 2020ൽ 1,25,110 ടൂറിസ്റ്റുകളുമായി 31 ക്രൂസ് കപ്പലുകളാണ് ഖസബ് തുറമുഖത്തെത്തിയത്. സലാലയിൽ 69,060 സഞ്ചാരികളുമായി 2019ൽ 45 ക്രൂസ് കപ്പലുകളാണ് എത്തിയത്. എന്നാൽ, 2020ൽ നാല് ക്രൂസ് കപ്പലുകൾ മാത്രമാണ് സലാലയുടെ തീരം തൊട്ടത്. 1982 സഞ്ചാരികളെ ഇതിലൂടെ ലഭിക്കും.
കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ സീസണിൽ കപ്പലുകൾ എത്തിയില്ലെങ്കിലും 2018 -2019 സീസണിൽ 2,83,000 വിനോദ സഞ്ചാരികളാണ് കപ്പൽ വഴി ഒമാനിലെത്തിയത്. മുൻവർഷത്തെക്കാൾ 45 ശതമാനം കൂടുതലാണിത്. 2017- 2018 കാലത്ത് 1,93,000 യാത്രക്കാരാണ് എത്തിയിരുന്നത്. ക്രൂസ് കപ്പലുകളിലൂടെയുള്ള വിനോദസഞ്ചാരികളുടെ വരവ് വർധിക്കുന്നതിനിടയിലാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായത്.
അടുത്തകാലത്തായി വിനോദസഞ്ചാര മേഖലക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. കൂടുതൽ സൗകര്യങ്ങൾ നൽകി വിനോദസഞ്ചാരത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയാണ് അധികൃതർ യാത്രികരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇതിനാവശ്യമായ പദ്ധതികൾ വർഷങ്ങൾക്കു മുമ്പ് തന്നെ ഒമാൻ ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ ഭൂപ്രകൃതിയും ജനങ്ങളുടെ ആതിഥ്യമര്യാദയുമൊക്കെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.