തേജ് ചുഴലിക്കാറ്റ്
text_fieldsദോഫാറിൽ ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മസ്കത്ത്: ഉഷ്ണമേഖല ചുഴലിക്കാറ്റ് ‘തേജി’ന്റെ പശ്ചാത്തലത്തിൽ ദോഫാർ ഗവർണറേറ്റിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ദോഫാർ യൂനിവേഴ്സിറ്റി, സലാലയിലെ വൊക്കേഷനൽ കോളജ്, ദോഫാർ ഗവർണറേറ്റിലെ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ പഠനം നിർത്തിവെക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നവേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
എസ്.ക്യു ആശുപത്രിയുടെ ഒന്ന്, രണ്ട് കോംപ്ലക്സിലെ സേവനം നിർത്തിവെക്കും
സലാല: സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിലെ1, 2 കോംപ്ലക്സുകളിലെ സ്പെഷലൈസ്ഡ് ക്ലിനിക്കുകളുടെ പ്രവർത്തനം ഞായറാഴ്ച മുതൽ താൽക്കാലികമായി നിർത്തിവെക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഒക്ടോബർ 29 ന് പ്രവർത്തനം പുനരാരംഭിക്കും. തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് പ്രവർത്തനം നിർത്തിവെക്കുന്നത്.
പൈതൃക, വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
സലാല: ദോഫാർ ഗവർണറേറ്റിലെ എല്ലാ പൈതൃക സൈറ്റുകളും അനുബന്ധ പാർക്കുകളും ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ അടച്ചിടുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ എല്ലാ വിനോദസഞ്ചാരികളും ബീച്ചുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്നത് ഒഴിവാക്കണം.
വിപണികളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു
മസ്കത്ത്: ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലെ പ്രാദേശിക വിപണികളിലും സ്റ്റോറുകളിലും എല്ലാ ഉപഭോക്തൃ ഉൽപന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും സ്റ്റോക്ക് വർധിപ്പിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.