മുന്നൊരുക്കം ഫലംകണ്ടു; ആപത്തുകൾ വിതക്കാതെ തേജ്
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം ഒമാന്റെ ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ വീശിയടിച്ച തേജ് ചുഴലിക്കാറ്റ് വലിയ ആപത്തുകൾ വിതക്കാതെ കടന്നുപോയി. ദോഫാറിലെ ചില ഇടങ്ങളിൽ 245 മില്ലി മീറ്റർ വരെ മഴ ലഭിച്ചിരുന്നുവെങ്കിലും ഇവകാരണം കാര്യമായ ദുരന്തങ്ങളൊന്നുമുണ്ടാവാതിരുന്നത് അധികൃതരുടെ ശക്തമായ മുന്നൊരുക്കങ്ങൾ കാരണം. തേജ് ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ച മുതൽതന്നെ സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉണരാൻ തുടങ്ങിയിരുന്നു.
ദോഫാർ ഗവർണറേറ്റിലെ ഓരോ വിലായത്തിലും അതാത് വാലികളുടെ നേതൃത്വത്തിലാണ് കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടന്നത്. പ്രകൃതിദുരന്തം ബാധിക്കാനിടയുള്ള മേഖലകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചതും ഏത് അത്യാഹിതത്തെയും നേരിടാനുള്ള സന്നാഹങ്ങൾ ഒരുക്കിയതും അപകടവ്യാപ്തി കുറക്കാൻ സഹായിച്ചു.
അതോടൊപ്പം സർക്കാറിന്റെ എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതും എടുത്തുപറയേണ്ടതായി. കാറ്റ് വീശുന്നതിന് ഏറെ മുമ്പുതന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിരുന്നു. കനത്ത കാറ്റ്, മഴ എന്നിവ കാരണം വാർത്താവിതരണ ശൃംഖലകൾ തകരാതിരിക്കാനും തകർന്നാൽ പെട്ടെന്ന് ശരിപ്പെടുത്താൻ പ്രത്യേക സംഘങ്ങളെ തയാറാക്കിയതും ശ്രദ്ധേയമാണ്.
വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ ജനറേറ്ററുകൾ സജ്ജമാക്കിയതടക്കമുള്ള നിരവധി ഒരുക്കങ്ങളാണ് അധികൃതർ നടത്തിയത്. ദുരന്ത മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ 60ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. തേജ് കര തൊടുന്ന സദയിലെ തീരപ്രദേശത്തുള്ളവരെയും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയും നേരത്തേതന്നെ മാറ്റി താമസിപ്പിച്ചിരുന്നു.
പ്രകൃതിദുരന്തം ബാധിക്കാനിടയുള്ള അൽഹലാനിയാത്ത് ദ്വീപിൽനിന്ന് മുഴുവൻ പേരെയും സലാലയിലേക്കു മാറ്റിയിരുന്നു. എയർഫോഴ്സിന്റെ സഹായത്തോടെയാണ് ഇവരെ മാറ്റിയത്. ദർബാത്തിലെ താമസക്കാരെയും നേരത്തേതന്നെ മാറ്റി താമസിപ്പിച്ചിരുന്നു.
സലാല, താഖ, മസ്യൂന, മുഖ്ഷിൻ, ഷലീം അൽ ഹലാനിയാത്ത്, മിർബാത്ത്, റാഖിയൂത്ത് തുടങ്ങിയ എല്ലാ വിലായത്തുകളിലും വാലികളുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. സാദയിൽ എമർജൻസി പോയൻറും വെള്ള ടാങ്കർ, ഇലക്ട്രിക് ജനറേറ്റർ എന്നിവയും ഒരുക്കിവെച്ചിരുന്നു. പല വിലായത്തുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ സൈനിക ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേർന്നിരുന്നു. അവശ്യഘട്ടത്തിൽ സൈന്യവും രംഗത്തെത്തിയിരുന്നു.
ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ വസ്തുക്കളുമായി മുനിസിപ്പാലിറ്റിയും മറ്റു മന്ത്രാലയം അധികൃതരും രംഗത്തുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കിടക്കകൾ, പുതപ്പുകൾ, ഭക്ഷ്യ വസ്തുക്കൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ നേരത്തേതന്നെ എത്തിച്ചിരുന്നു.
രോഗവും ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്നവർക്കായി വിവിധ ഇടങ്ങളിൽ മൊബൈൽ ആശുപത്രികളും സജ്ജമാക്കി. ജനങ്ങളെ തേജ് മൂലം ഉണ്ടാവാനിടയുള്ള ദുരന്തങ്ങളെപ്പറ്റി ബോധവാന്മാരാക്കിയതും ഒരു പരിധി ദുരന്തങ്ങൾ കുറക്കാൻ സഹായിച്ചു. സ്കൂളുകൾക്ക് നേരത്തേതന്നെ അവധി നൽകിയതും സലാലയിൽ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ചതും ദുരന്തത്തിന്റെ ആഴം കുറക്കാൻ സഹായകമായി. പൊതുജനങ്ങൾക്ക് രണ്ടു ദിവസം അവധി നൽകിയതും ഏറെ സൗകര്യമായി.
ഇത് കാരണം ജനങ്ങൾ അത്യാവശ്യത്തിനു മാത്രമാണ് പുറത്തിറങ്ങിയത്. സാധാരണ ചെറിയ മഴയുണ്ടാവുമ്പോൾപോലും നിരവധി പേരാണ് വാദികളിൽപെടുന്നതും ഒലിച്ചുപോവുകയും ചെയ്യുന്നത്. ഇത്തവണ ഇത്രയും രൂക്ഷമായ മഴയുണ്ടായിട്ടുപോലും ഒരു മരണംപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതായാലും അധികൃതരുടെ ശക്തമായ മുൻകരുതലുകളാണ് ‘തേജ്’ അപകടരഹിതമായി കടന്നുപോവാൻ പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.